പുരസ്കാര നിറവിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി


കോഴിക്കോട്: ആതുരസേവന രംഗത്ത് സേവനം എന്നതിന് പുതിയ മാനം നൽക്കുകയാണ് രോഗീ സേവനത്തിനും ശുചിത്വത്തിനും എന്നും മുൻപന്തിയിൽ നിൽക്കുന്ന കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി .1973 ൽ ബീച്ചിലെ പട്ടു തെരുവിൽ തുടക്കം കുറിച്ച ആശുപത്രി പിന്നീട് 1987 ൽ എരഞ്ഞിപ്പാലത്ത് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം പണിത് ആശുപത്രി വിപുലമായ രീതിയിൽ അങ്ങോട്ടു മാറ്റി. പിന്നീട് ജനറൽ ആശുപത്രിയിൽ നിന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി വളർന്നിരിക്കുന്നു.


കേന്ദ്ര കൃഷിമന്ത്രാലയവും എൻസിഡിസിയും ചേർന്ന് ഏർപ്പെടുത്തിയ ഇത്തവണത്തെ നാഷണൽ എക്സലൻസ് അവാർഡ് ഇന്നലെ ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആശുപത്രി പ്രസിഡന്റ് എം.ഭാസ്ക്കരനും, സെക്രട്ടറി എ.വി.സന്തോഷ് കുമാറും ചേർന്ന് അവാർഡ് ഏറ്റ് വാങ്ങി.
ഇപ്പോൾ ആശുപത്രിയുടെ ചുക്കാൻ പിടിക്കുന്ന എം.ഭാസ്ക്കരൻ പ്രസിഡണ്ട് എന്നതിനെക്കാൾ ഉപരി വിവിധ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കോഴിക്കോട് കോർപ്പറേഷൻ മുൻ മേയർ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം, കാലിക്കറ്റ് ടൗൺ ബാങ്ക് ചെയർമാൻ, റബ്ബ് കോ വൈസ് ചെയർമാൻ, കോംട്രസ്റ്റ് ഡയരക്ടർ എന്നീ വിവിധ മേഖലകളിൽ ഇദ്ദേഹം നിറസാന്നിദ്ധ്യമാണ്.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ ഉടൻ ലഭ്യമാക്കുന്ന തീവ്രപരിചരണ വിഭാഗം ഇവിടെ സുസജ്ജമാണ്. പ്രമുഖ ഡോക്ടർമാരുടെ നിയന്ത്രണത്തിലാണ് പ്രവർത്തന രീതികൾ. ആധുനികമായ എല്ലാ സൗകര്യങ്ങളും അടങ്ങിയ ഉദരരോഗ വിഭാഗം പേരുകേട്ടതാണ്.പ്രശസ്തരും വിദഗ്ധരുമായ നിരവധി ഡോക്ടർമാരും ഉന്നത നിലവാരമുള്ള സംവിധാനങ്ങളും മാണ് ഇവിടുത്തെ സവിശേഷത. വീഡിയോ എൻഡോ സ്കോപ്പി, ക്യാപ്സ്യൂൾ എൻഡോസ് കോപ്പി, ഫ്ളൂറോസ്കോപ്പി, ഇ ആർബിഇ, എ പി ഒ, വാട്ടർ ജെറ്റ് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ഗ്യാസ്ട്രോ സർജറി വിഭാഗവും പ്രവർത്തിക്കുന്നു.
ഇതിനകം തന്നെ നിരവധി പുരസ്ക്കാരങ്ങൾ ആശുപത്രിക്ക് ലഭിക്കുകയുണ്ടായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സംസ്ഥാനത്തെ ശുചിത്വ ആശുപത്രികളിൽ രണ്ടാം സ്ഥാനം, ജില്ലാ സഹകരണ ബാങ്കിന്റെ അവാർഡ്,ജേസി കാലിക്കറ്റിന്റെ ശുചിത്വത്തിനുള്ള അവാർഡ് എന്നിവ ആശുപത്രിയുടെ സേവനപാതയിലെ പൊൻതിളക്കങ്ങളാണ്.


മലിനീകരണ നിയന്ത്രണത്തിൽ സംസ്ഥാനത്തിന് മാതൃകയാണ് ആശുപത്രി.ബയോഗ്യാസ് വാട്ടർ ട്രീറ്റ്മെന്റ് ഇൻസിനേറ്റർ, ഇമേജ് എന്നിവ വഴിയാണ് ആശുപത്രിയിലെ മാലിന്യങ്ങൾ സംസ്കരിക്കുന്നത്. ഇതിന് പുറമെ ജൈവകൃഷി പരിപോഷിപ്പിക്കുന്ന പദ്ധതിയും ആശുപത്രി നടപ്പാക്കുന്നു.