തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച് ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല ഇന്ന് നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയപാതയില്‍ വൈകീട്ടാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ചിന് ദേശീയ പാതയുടെ ഇടതുവശത്ത് (പടിഞ്ഞാറു ഭാഗം) ആണ് മനുഷ്യ ചങ്ങല തീര്‍ക്കുക. പങ്കെടുക്കുന്നവര്‍ വൈകിട്ട് നാലിന് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലെത്തും. അഞ്ചിന് പ്രതിജ്ഞയെടുക്കും.
തിരുവനന്തപുരത്ത് രാജ്ഭവന്‍ മുതല്‍ കാസര്‍കോഡ് വരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ ചങ്ങല തീര്‍ക്കുക. ജില്ലയില്‍നിന്നുള്ളവര്‍ ദേശീയ പാതയില്‍ അമ്പലപ്പുഴ മുതല്‍ കായംകുളം വരെ മനുഷ്യ ചങ്ങലയില്‍ കണ്ണികളാകും. നോട്ട് അസാധുവാക്കലിലൂടെ ജീവിതം പ്രതിസന്ധിയിലായ എല്ലാവിഭാഗം ആള്‍ക്കാരെയും കൂട്ടത്തോടെ ചങ്ങലയില്‍ അണിനിരത്തും. നാടും നഗരവും പ്രതിഷേധ മനുഷ്യ ചങ്ങല ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിലൂടെ വിവരണാതീതമായ ദുരിതങ്ങളാണ് ഒന്നരമാസമായി ജനങ്ങള്‍ അനുഭവിക്കുന്നത്. അതിന്റെ അനുരണനം മനുഷ്യച്ചങ്ങലയെ ചരിത്രസംഭവമാക്കിമാറ്റും.
വിവിധ ജില്ലകളില്‍ മന്ത്രിമാരും എല്‍ഡിഎഫിന്റെ പ്രമുഖനേതാക്കളും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജനതാദള്‍ ദേശീയനേതാവ് നീലലോഹിതദാസന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയ നേതാക്കള്‍ കണ്ണികളാകും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആലപ്പുഴയിലാണ് കണ്ണിചേരുക.













