കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി റിപ്പോർട്ട്

കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ വാങ്ങാമെന്നിരിക്കെ ഒന്നിന് 5400 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റർ വാങ്ങിയതെന്നും ഏറ്റവും മികച്ച തെര്‍മോ മീറ്റർ 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കോവിഡ് കാലത്ത് ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച്‌ കടത്തിവിടുന്നതിനായി ഇൻഫ്രാറെഡ് തെർമോമീറ്ററാണ് ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപകമായി ഉപയോഗിച്ചത്. അതിനാൽ തന്നെ ആശുപത്രിയിലടക്കം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ഇൻഫ്രാറെഡ് തെർമോമീറ്റർ ധാരാളം വേണ്ടി വന്നു.

അടിയന്തര ആവശ്യത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുപ്പതിനാണ് തൃശൂര്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനം സര്‍ക്കാരിന് ക്വട്ടേഷനയക്കുന്നത്. 5400 രൂപയ്ക്ക് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ നല്‍കാമെന്നായിരുന്നു ക്വട്ടേഷൻ. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ അന്നത്തെ ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് ആര്‍ ദിലീപ് കുമാറാണ് കമ്പനിയുമായി ചര്‍ച്ച നടത്തിയത്. തുടർന്ന് വിപണിവിലയുടെ മൂന്നിരട്ടി തീരുമാനിച്ച് ക്വട്ടേഷന്‍ കിട്ടിയ ദിവസം തന്നെ ഫയല്‍ നടപടികൾ തുടങ്ങി.

വിപണി വിലയെക്കുറിച്ച് ഫയലില്‍ സൂചപ്പിക്കാതെ അന്ന് വൈകുന്നേരത്തിന് മുമ്പ് പര്‍ച്ചേസ് ഓര്‍ഡറും തയ്യാറാക്കി ജനറല്‍ മാനേജറുടെ തീരുമാനം അതുപോലെ നടപ്പാക്കി. വിപണിവിലയുടെ മൂന്നിരട്ടി വിലയായ 5400 രൂപയ്ക്കാണ് കേരളത്തിലുടനീളം സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങി നല്‍കിയത് എന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *