യു ഡി എഫ് കേന്ദ്രങ്ങള്‍ വടകരയില്‍ അപവാദ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നു: സി പി എം

കോഴിക്കോട്: വടകര ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ:എ.എന്‍ ഷംസീറിന് അനുകൂലമായി വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയില്‍ വിറപൂണ്ട യു.ഡി.എഫ് കേന്ദ്രങ്ങള്‍ അപവാദ പ്രചരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഴിച്ചുവിടുകയാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ ഹീനമായ വ്യക്തിഹത്യയാണ് നടത്തുന്നത്. കക്ഷിഭേദമില്ലാതെ വടകരയുടെ ജനമനസ്സ് പിടിച്ചടക്കിക്കഴിഞ്ഞ ഷംസീറിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ യു.ഡി.എഫ് നേതൃത്വത്തിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ 5 വര്‍ഷക്കാലം വടകര ലോകസഭാ മണ്ഡലത്തിന്റെ വികസനത്തിനും പുരോഗതിക്കുംവേണ്ടി ഒന്നും ചെയ്യാതിരുന്ന സിറ്റിഗ് എം.പി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ജനവികാരം നിയോജക മണ്ഡലത്തിലുടനീളം അലയടിക്കുകയാണ്. വാഗ്ദാനങ്ങളും അവകാശ വാദങ്ങളുമല്ലാതെ വടകരക്ക് വേണ്ടി ഒരു വികസന പദ്ധതിയും കൊണ്ടുവരാന്‍ ശ്രമിക്കാതിരുന്ന മുല്ലപ്പള്ളി വോട്ടര്‍മാരുടെ മനസ്സില്‍ വിചാരണ ചെയ്യപ്പെടുകയാണ്.
2009 ല്‍ തങ്ങള്‍ക്ക് പറ്റിപ്പോയ കൈത്തെറ്റ് തിരുത്താനുള്ള ദൃഢമായ തീരുമാനത്തിലാണ് വടകരയിലെ വോട്ടര്‍മാര്‍. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്ത യുഡി.എഫ് നേതൃത്വവും അവരുടെ കുഴലൂത്തുകാരും അപവാദ കഥകള്‍ പ്രചരിപ്പിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചും സ്വയം പരിഹാസ്യരാവുകയാണ്. ഷുക്കൂര്‍ വധത്തിലും ചന്ദ്രശേഖരന്‍വധത്തിലും ഷംസീറിന് പങ്കുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള അപഹാസ്യമായ ശ്രമങ്ങളാണ് നടക്കുന്നത്. 2012 ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണ് ഷുക്കൂര്‍ വധക്കേസ്. മാത്രമല്ല സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിപട്ടികയില്‍നിന്ന് കോടതി ഒഴിവാക്കിയതിന് ശേഷം ഷുക്കൂറിന്റെ മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയതുമാണ്. ഈ നടപടിക്കിടയിലൊന്നും പരാമര്‍ശിക്കപ്പടാതിരിരുന്ന ഷംസീറിന്റെ പേര് ഇപ്പോള്‍ വലിച്ചിഴക്കുന്നത് തരംതാണ രാഷ്ട്രീയ കളിയാണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും മനസ്സിലാകും. ചന്ദ്രശേഖരന്‍കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പ്രതികളുമായി ബന്ധപ്പെട്ട എല്ലാ കോള്‍ ലിസ്റ്റുകളും പരിശോധിച്ചതാണ്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കി വിധിപറഞ്ഞ കേസാണിത്. അതിന് ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ ചന്ദ്രശേഖരന്റെ ഭാര്യയുടെ പരാതി പ്രകാരം സി.ബി.ഐ അന്വേഷണത്തിന് വിട്ടതും സി.ബി.ഐ നിയമപരമായ കാരണങ്ങളാല്‍ അന്വേഷണം സാധ്യമല്ലെന്ന് പ്രസ്താവിക്കുകയും ചെയ്തതാണ്. തുടരന്വേഷണം ആവശ്യപ്പെട്ട് എടച്ചേരി പോലീസ് സ്റ്റേഷനില്‍ നല്‍കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ എടച്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ നല്‍കപ്പെട്ട മൊഴിയിലൊന്നും ഷംസീറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. പുതിയ വെളിപ്പെടുത്തലുകളുമായി ചില കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ രംഗത്തുവരുന്നവര്‍ തരംതാണ രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങളെയെല്ലാം വടകരയിലെ വോട്ടര്‍മാര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും രാമകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *