ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യ അതിന്റെ ഭാഗദേയം പുനര്‍നിര്‍ണയിക്കുന്ന അതിപ്രധാനമായ പൊതുതെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ക്രാന്തദര്‍ശികളായ നവഭാരത ശില്‍പികള്‍ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ രാഷ്ട്രമായി ഇന്ത്യ നിലനിന്നാല്‍ മാത്രമേ, സാംസ്‌കാരികവും വംശീയവും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളുടെ കലവറയായ ഈ നാടിന്റെ ഏകതയും സമാധാനവും സമൃദ്ധിയും ഉറപ്പ് വരുത്താനാവൂ എന്ന് മനസ്സിലാക്കിയാണ് വിശ്വോത്തരമായ നമ്മുടെ ഭരണഘടനക്ക് രൂപം നല്‍കിയത്. എന്തെല്ലാം പാളിച്ചകളും തിരിച്ചടികളും നേരിട്ടിട്ടുണ്ടെങ്കിലും ആറ് പതിറ്റാണ്ടിലധികം കാലം രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യഘടനയും പരിരക്ഷിക്കാനും പതിനഞ്ച് പൊതുതെരഞ്ഞെടുപ്പുകള്‍ വിജയകരമായി നടത്താനും ഇന്ത്യന്‍ ജനതക്ക് കഴിഞ്ഞിട്ടുണ്ടെന്നത് തികഞ്ഞ ആശ്വാസത്തോടും ചാരിതാര്‍ത്ഥ്യത്തോടും കൂടി മാത്രമേ അനുസ്മരിക്കാനാവൂ.
എന്നാല്‍, സാര്‍വദേശീയവും ദേശീയവുമായ സാഹചര്യങ്ങളില്‍ വന്ന മൗലികമായ മാറ്റങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിവേണം പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത സമ്മതിദാനാവകാശം വിനിയോഗിക്കാനെന്ന് ഉണര്‍ത്താന്‍ എഫ്.ഡി.സി.എ. ആഗ്രഹിക്കുന്നു. പുത്തന്‍ കൊളോണിയലിസവും നവ ഉദാരീകരണവും മുതലാളിത്ത വികസന ശൈലിയും ആഗോള വ്യാപകമായി പിടിമുറുക്കിയിരിക്കുകയാണ് ഒരു വശത്ത്. മറുവശത്ത്, വര്‍ഗീയവും വംശീയവുമായ കലഹങ്ങളും കലാപങ്ങളുംമൂലം ലോകരംഗം കലുഷമായിരിക്കൊണ്ടിരിക്കുമ്പോള്‍ തീവ്രദേശീയത ഫാഷിസത്തിന്റെ രൂപം കൈകൊള്ളുകയും ദുര്‍ബല, ന്യൂനപക്ഷ, അധഃസ്ഥിത വിഭാഗങ്ങളുടെ സമാധാനപരമായ നിലനില്‍പുപോലും അപകടപ്പെടുകയും ചെയ്യുന്നു. ലോക സമാധാനത്തിനായി സ്ഥാപിതമായ ഐക്യരാഷ്ട്രസഭ പോലും സാമ്രാജ്യത്വ ശക്തികളുടെ കളിപ്പാവയും ഉപകരണവുമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സങ്കീര്‍ണവും സന്ദിഗ്ധവുമായ ഈ സാഹചര്യത്തില്‍ ലോക സമാധാനത്തിനും ആരോഗ്യകരമായ ജനാധിപത്യ ക്രമത്തിനും മാതൃകയും പിന്‍ബലവുമാവേണ്ട ഇന്ത്യയുടെ ഭരണമാറ്റം നടേ പറഞ്ഞ ഭരണഘടനാ തത്വങ്ങള്‍ക്കനുസൃതവും അതിനെ ശക്തിപ്പെടുത്തുന്നതുമായിരിക്കാന്‍ ഓരോ പൗരനും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് എഫ്.ഡി.സി.എക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. അവര്‍ഗീയവും അഴിമതി മുക്തവും ദുര്‍ബല വിഭാഗങ്ങള്‍ക്കും ദരിദ്ര ജനകോടികള്‍ക്കും തുല്യ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമായ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാത്രമേ വോട്ട് ചെയ്യാവൂ. ധനാധിപത്യത്തില്‍നിന്നും ക്രിമിനലിസത്തില്‍നിന്നും ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ നാം രക്ഷിക്കേണ്ട
തുണ്ട്. കള്ളപ്പണംകൊണ്ട് രാജ്യത്തെത്തന്നെ വിലക്കെടുക്കുന്നവരുടെയും കുറ്റവാളികളുടെയും സ്ത്രീപീഡകരുടെയും താവളം പാര്‍ലമെന്റല്ല ജയിലുകളാണെന്ന് നാം കാണിച്ചുകൊടുക്കണമെന്നും ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ ഫ്രസ്താവനയില്‍ അറിയിച്ചു.
FLASHNEWS