തിരുവനന്തപുരം: ഏപ്രില്‍ പത്തിന് സംസ്ഥാനത്ത് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ബാലറ്റ് പതിച്ചുള്ള അവസാനഘട്ട സജ്ജീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. വോട്ടിംഗിന് പൂര്‍ണ്ണ സജ്ജമായ മെഷീനുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും സാന്നിദ്ധ്യത്തില്‍ മോക്ക്‌പോള്‍ നടത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കുന്ന പ്രവൃത്തികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഹവരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് പ്രക്രിയ നടന്നത്. ഈ കേന്ദ്രങ്ങളില്‍ തന്നെ സൂക്ഷിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ ഏപ്രില്‍ 9ന് ബൂത്തുകളുടെ ചുമതലയുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.
