കുവൈറ്റില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

കുവൈറ്റില്‍ റമദാന്‍ മാസത്തിന്റെ ആദ്യ പതിനഞ്ച് ദിവസങ്ങളില്‍ മാത്രം രാജ്യത്ത് ആറായിരത്തോളം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ 16 വരെയുള്ള കണക്കാണ് അധികൃതര്‍ പുറത്തു വിട്ടത്. ഇതില്‍ പകുതിയോളം അപകടങ്ങള്‍ നോമ്പ് തുറക്കുന്നതിന് മുന്‍പും അത്ര തന്നെ അപകടങ്ങള്‍ നോമ്പ് തുറന്നതിന് ശേഷവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അമിത വേഗവും പലപ്പോഴും അപകടത്തിന് കാരണമാകുന്നതായി ട്രാഫിക് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവിങ് വേളയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക , മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടോ സന്ദേശങ്ങള്‍ വായിച്ചുകൊണ്ടോ വാഹനമോടിക്കാതിരിക്കുക, നോമ്പുതുറ സമയത്തെ മരണപ്പാച്ചില്‍ ഒഴിവാക്കുക , എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ തോതില്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും ഗതാഗത വകുപ്പ് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
അതേസമയം, കുവൈറ്റില്‍ നിന്നും ഈദ് അവധി ദിനങ്ങളില്‍ മൂന്നര ലക്ഷത്തോളം പേര്‍ വിവിധ രാജ്യങ്ങളിലേക്കായി അവധി ആഘോഷത്തിനായി യാത്ര ചെയ്യുമെന്ന് കണക്കുകള്‍. ഈ വര്‍ഷത്തെ ഈദ് ആഘോഷത്തിന് ഒന്‍പത് ദിവസത്തെ അവധിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ ഇരുപത്തി എട്ടു മുതല്‍ മെയ് ഏഴു വരെയുള്ള കണക്കനുസരിച്ച്, രണ്ടായിരത്തി എണ്ണൂറ് വിമാനങ്ങളിലായി രണ്ടു ലക്ഷത്തി എണ്ണായിരം പേര് കുവൈറ്റില്‍ നിന്നും പുറത്തേക്കും ഒന്നര ലക്ഷം പേര് തിരിച്ചും യാത്ര ചെയ്യുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്കുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *