യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. രണ്ടാം യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.പി.എ. നേതൃത്വത്തെ വിമര്‍ശിച്ച് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടി പാളിച്ചകളും കേന്ദ്ര സര്‍ക്കാര്‍ നടപടികളുമാണ് കനത്ത തോല്‍വിക്ക് കാരണമെന്ന് പ്രമേയം കുറ്റപ്പെടുത്തി. യു.പി.എ സര്‍ക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനും തിരഞ്ഞെടുപ്പില്‍ ന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടുവെന്നു പ്രമേയത്തില്‍ പറയുന്നു. പ്രിയങ്കാ ഗാന്ധിക്കു മാത്രമാണ് മോദിയെപ്രതിരോധിക്കാനായതെന്നും പ്രമേയത്തില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെ ടി സിദ്ദിഖും കെ സി അബുവും യോഗത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായതെന്ന് കെ സുധാകരനും കെസി അബുവും ടി സിദ്ദിഖും കുറ്റപ്പെടുത്തി.
കസ്തൂരി രംഗന്‍ വിഷയത്തില്‍ മലയോര കര്‍ഷകരുടെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്നും നിര്‍വാഹകസമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പരമ്പരാഗത വോട്ടുബാങ്കുകളില്‍ ഉണ്ടായ ചോര്‍ച്ചയാണ് ചില മണ്ഡലങ്ങളില്‍ പരാജയ കാരണമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.