നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി നടത്തുന്ന മുഖാമുഖം നാളെ കോഴിക്കോട്

നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന മുഖാമുഖം നാളെ കോഴിക്കോട് നടക്കും സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള 2000 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. മുഖാമുഖത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, പ്രൊഫഷനല്‍ കോളേജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും.പാഠ്യ, പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങി 2000 വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മുഖാമുഖത്തിനെത്തും. 60 പേര്‍ മുഖ്യമന്ത്രിയുമായി നേരില്‍ സംവദിക്കും.

നവവൈജ്ഞാനിക സമൂഹമായി കേരളത്തെ എപ്രകാരം മാറ്റാം എന്നതിലേക്ക് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം ആരായുന്ന വേദിയാണ് മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു.നവകേരള സൃഷ്ടിക്കായുള്ള വിദ്യാര്‍ഥികളുടെ ആശയങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പുതിയ മുന്നേറ്റങ്ങള്‍, വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചര്‍ച്ച ചെയ്യും.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് ആര്‍ ബിന്ദു, എ കെ ശശീന്ദ്രന്‍ , വീണാ ജോര്‍ജ്, സര്‍വകലാശാല വി.സിമാര്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ളവ പ്രഗത്ഭര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *