കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. അനാട്ടമി ലാബില്‍ നിന്ന് തള്ളിയ മൃതദേഹങ്ങളാണ് ശരിയായ വിധത്തില്‍ സംസ്‌കരിക്കാതെ ഉപേക്ഷിച്ചത്.
ഇരുപതിലധികം ശരീരങ്ങള്‍ ഈ വിധത്തില്‍ കൂട്ടിയിട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെയാണ് ഇവ ഇവിടെയെത്തിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ശരീരഭാഗങ്ങള്‍ നായ്കള്‍ കടിച്ചു വലിക്കുന്നതായും പരാതിയുണ്ട്. വലിയ കുഴികുത്തി മൃതദേഹങ്ങള്‍ ഇട്ടെങ്കിലും അവ മൂടിയിട്ടില്ല.
2014ലും ഇതേ സംഭവമുണ്ടായിരുന്നു. അന്ന് മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന വകുപ്പ് ഉള്‍പ്പെടെ ചുമത്തി മെഡിക്കല്‍ കോളേജിനെതിരെ പോലീസ് കേസെടുത്തിരുന്നു.
ഈ വിധത്തില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചതിനെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നിയമപരമായി സംസ്‌കരിക്കണമെന്നും മതിയായ സുരക്ഷ പാലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.












