കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിവെച്ച രാഷ്ട്രീയപ്രവര്‍ത്തനം അന്നും ഇന്നും ദാസേട്ടന്‍ അക്ഷീണം തുടരുന്ന ജീവിത ദൗത്യമാണ്.ഒരു വ്യക്തിയുടെ ചരിത്രം ഒരു ദേശത്തിന്റെ തന്നെ ചരിത്രമായി മാറുന്ന രാഷ്ട്രീയ രാസപരിണാമം കണ്ടുംകേട്ടും അനുഭവിച്ചും അറിയണമെങ്കില്‍ കെ.ദാസന്‍ എം.എല്‍.എയുടെ സഞ്ചാരവഴികളിലൂടെ ഒന്ന് വെറുതെയെങ്കിലും നടന്നുപോയാല്‍ മതി.
1952 ഡിസംബര്‍ ഒന്നിനായിരുന്നു കിഴക്കേയില്‍ കുഞ്ഞിരാമന്‍-കല്യാണി ദമ്പതികളുടെ മകനായി കെ.ദാസന്റെ ജനനം.കൊയിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌കൂളിലും ശ്രീ നടവത്തൂരിലെ വാസുദേവാശ്രമത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാകമ്മറ്റി അംഗവുമായിരുന്നു.1972 ല്‍ മണ്ഡലം കമ്മറ്റിയുടെ ഓഫീസ് സെക്രട്ടറിയായി.1975 ല്‍ കൊയിലാണ്ടി താലൂക്ക്് ചെത്തുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന്് സി.ഐ.ടി.യു താലൂക്ക് സെക്രട്ടറിയായി.പാര്‍ട്ടിയുടെ ജില്ലാഭാരവാഹി, സംസ്ഥാന കമ്മറ്റിയംഗം, സി.ഐ.ടി.യു അഖിലേന്ത്യ ജനറല്‍ കൗണ്‍സില്‍ അംഗം, കോഴിക്കോട് ജില്ലാ മല്‍സ്യത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്നീ തലങ്ങളിലേക്ക് അദ്ദേഹം ഉയര്‍ന്നു. 1982-ല്‍ പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗമായി. തുടര്‍ന്ന് സി.പി.എം ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റു.
1973-ലാണ് കൊയിലാണ്ടിയില്‍ ഭക്ഷ്യപ്രക്ഷോഭം നടക്കുന്നത്. അന്ന് പോസ്‌റ്റോഫീസ് പിക്കറ്റ് ചെയ്തതിന് ഒരുമാസം കോഴിക്കോട് സബ്ജയിലില്‍ ശിക്ഷയനുഭവിച്ചു. പുറക്കാട്ട് നടന്ന എകെജി അനുസ്മരണ സമ്മേളനത്തിനിടെ ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് 16 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കിടക്കേണ്ടി വന്നു.രാഷ്ട്രീയ ജീവിതത്തിലെ 16 ദിവസം അങ്ങിനെ പോയതോര്‍ത്ത് അല്‍പ്പം വിഷമമുണ്ടായെന്നല്ലാതെ സമരജീവിതത്തില്‍ നിന്ന് തെല്ലും പിറകിലേക്കു പോകുവാന്‍ അദ്ദേഹം ആലോചിച്ചു പോലുമില്ല. മര്‍ദ്ദനവും പരിക്കുകളും ആശുപത്രിയും ജയില്‍വാസവുമൊക്കെ ഒരു സമരപൗരനു പറഞ്ഞിട്ടുള്ളതാണെന്ന് അദ്ദേഹം കരുതുന്നു. അതിനുശേഷം കൊയിലാണ്ടിയില്‍ നടന്ന സിപിഎം പൊതുയോഗം പോലീസുകാര്‍ കയ്യേറി കെ.ദാസന്‍ വീണ്ടും ക്രൂരമര്‍ദ്ദനത്തിനിരയായി.12 ദിവസം താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു. 1978-ലാണ് കൊയിലാണ്ടി പഞ്ചായത്ത് ബോര്‍ഡ് മെംബറാവുന്നത്. പിന്നീട് ബ്‌ളോക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനായി. 1995-ല്‍ കൊയിലാണ്ടി പഞ്ചായത്ത്,മുന്‍സിപ്പാലിറ്റിയായി മാറി.തുടര്‍ന്ന് 2000-ത്തിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അ്‌ദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തു. 2010 വരെ അദ്ദേഹം തന്നെ ചെയര്‍മാനായി തുടര്‍ന്നു.ഈ പത്തുവര്‍ഷം കൊയിലാണ്ടി എന്ന പ്രദേശം വികസനമെന്തെന്ന് തിരിച്ചറിയുകയായിരുന്നു.
ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കലായിരുന്നു. ആദ്യനടപടി. അതിനായി ബസ്റ്റാന്റ് വികസിപ്പിച്ചു. മേല്‍്പ്പാലം നിര്‍മ്മിച്ചു.കുടിവെള്ളപ്രശ്‌നത്തിനു പരിഹാരമായി പദ്ധതികള്‍ തുടങ്ങി.വൈദ്യുതിയെത്താത്ത പ്രദേശത്തേക്കും വീടുകളിലേക്കും വെളിച്ചമെത്തിച്ചു.വെള്ളവും വെളിച്ചവും എത്തിയപ്പോള്‍ അടുത്തതായി ചെയ്യാനുണ്ടായിരുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളായിരുന്നു. അതിനായി കുംടുംബശ്രീയുടെ നേതൃത്വത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ കൊണ്ടുവന്നു.തീരപ്രദേശമായ കൊയിലാണ്ടിയിലെ ഹാര്‍ബര്‍ വികസിപ്പിച്ചു.സാംസ്‌കാരികമായ മുന്നേറ്റത്തിനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചെയര്‍മാന്‍ ദാസന്‍ മറന്നില്ല.കൊയിലാണ്ടിയില്‍ പുതിയ ടൗണ്‍ഹാളിന്റെ തുടക്കം കുറിക്കുകയും പൈതൃക മ്യൂസിയത്തോടുകൂടിയ സാംസ്‌കാരികനിലയത്തിന്റെ പണി കഴിപ്പിക്കുകയും ചെയ്തു.
മുന്‍സിപ്പാലിറ്റിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2005-ല്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി ലഭിച്ചു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് 2006-ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡും നേടി.2007 മുതല്‍ 2010 വരെ ഇതേ അവാര്‍ഡിന് കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വീണ്ടും അര്‍ഹമായി.പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് നാലുതവണ തുടര്‍ച്ചയായി അവാര്‍ഡ് ലഭിച്ചു.
2006-07 കാലയളവില്‍ ഏറ്റവും മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിന് ദക്ഷിണേന്ത്യയിലെ മികച്ച നഗരസഭയായി കൊയിലാണ്ടിയെ തിരഞ്ഞെടുത്തു.ഭൂഗര്‍ഭജലനിരപ്പ് നാലുശതമാനമായി നിലനിര്‍ത്തിയതിന് കേന്ദ്രഗവണ്‍മെന്റിന്റെ ഭൂജലസംരക്ഷണ അവാര്‍ഡും ഇതേ കാലയളവില്‍ ലഭിച്ചു.ഏറ്റവും മികച്ച വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇതര സംഘടനയുടെ അവാര്‍ഡും കൊയിലാണ്ടിക്കായിരുന്നു.
2011-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കികൊണ്ടുതന്നെയായിരുന്നു കെ.ദാസന്‍ മത്സരത്തിനിറങ്ങിയത്.കൊയിലാണ്ടിക്ക് വേണ്ട ജനപ്രതിനിധിയെ ജനം ഇതിനകം തിരിച്ചറിഞ്ഞിരുന്നു. കാരണം കഴിഞ്ഞ 17 വര്‍ഷമായി മുഴുവന്‍ സമയവും രാഷ്ട്രീയത്തിനതീതനായി ജനസേവനരംഗത്തുണ്ട് കെ.ദാസന്‍.
കൊയിലാണ്ടിയുടെ മുഖം ഇന്ന് മാറിയിട്ടുണ്ട്. അതൊരു പട്ടണമായി വളര്‍ന്നിരിക്കുന്നു.നല്ലൊരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി, സമഗ്രമായ കാഴ്ചപ്പാടുണ്ടാക്കി, സാധാരണക്കാരുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കി മുന്നേറാന്‍ തന്നെയാണ് ഈ എം.എല്‍.എയുടെ തീരുമാനം. ആ തീരുമാനത്തിനു ശക്തമായ പൊതുജന പിന്തുണയും എം.എല്‍.എയ്ക്കുണ്ട്.