കൊയിലാണ്ടി: കാസർക്കോട് മുതൽ കഴക്കൂട്ടം വരെ ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിയാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ടു പോകുമ്പോൾ, ഭൂമിയേറ്റടുപ്പുമായി ജനങ്ങൾ സഹകരിക്കണമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ജി.സുധാകരൻ.
ചില ഭാഗങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിന് വേണ്ടി ബൈപ്പാസുകൾ ആണ് നിർദ്ധിഷ്ട അലൈൻമെന്റിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ നിർദ്ദേശിക്കപ്പെട്ടതാണ് കൊയിലാണ്ടി ബൈപ്പാസ്. 45 മീറ്റർ വീതിയിൽ സ്ഥലമേറ്റുടുക്കുമ്പോൾ കൊയിലാണ്ടി ടൗൺപൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥ വരും എന്നതിനാലാണ് താരതമ്യേന ബുദ്ധിമുട്ട് കുറവായ ബദൽ അലൈൻമെന്റ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ പത്താം തിയ്യതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുകയും, നാലു തവണ ചർച്ച നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 70 ശതമാനം പേരിൽ നിന്നു സമ്മതപത്രം ലഭ്യമാക്കിത്തരാമെന്ന് ജനപ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. ഭൂമി നഷ്ടപ്പെടുന്നവർക്ക് 2013 -ലെ നഷ്ടപരിഹാര പാക്കേജ് അനുസരിച്ച് ഉചിതമായ നഷ്ട പരിഹാരം നൽകിയും ആയിരിക്കും ഭൂമി ഏറ്റെടുക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ജനങ്ങളും മായി സംസാരിക്കാൻ ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി.
ഇതു സംബന്ധിച്ച് അടുത്ത യോഗം ഫെബ്രവരി 6 ന് നടത്തുവാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഭൂമി വിട്ടു നൽകുന്നതിന് എതിർപ്പ് തുടരുകയാണെങ്കിൽ, കൊയിലാണ്ടിയുടെ ഭാഗത്ത് വികസനം നടത്താനാവാതെ ഈ റോഡിന്റെ രണ്ടറ്റത്തുമായി കേരളത്തിന്റെ 4 വരിപ്പാത എത്തി നിൽക്കുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആയതിനാൽ കേരളത്തിന്റെ പൊതു വികസനത്തിൽ പങ്കാളിയായി ഈ സംരംഭവും മായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.













