കോവിഡ് വകഭേദങ്ങള്‍ ;ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

പുതിയ കോവിഡ് വകഭേദങ്ങള്‍ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. കമ്പനിയുടെ കോവിഡ് 19 വാക്സിനേഷന്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തേക്കുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ എടുക്കാന്‍ പലരും മടിച്ച് നില്‍ക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം.

ജനുവരി 18ന് ഉള്ളില്‍ വാക്സിനേഷന്‍ നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാരെ 30 ദിവസത്തേക്ക് പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവില്‍ വിടും. തുടര്‍ന്ന് കമ്പനി അവരെ ആറുമാസം വരെ ശമ്പളമില്ലാത്ത വ്യക്തിഗത അവധിയില്‍ ആക്കുകയും പിന്നീട്, പിരിച്ചുവിടുകയും ചെയ്യും. അതേ സമയം വാക്‌സിന്‍ എടുക്കാന്‍ തയ്യാറായിട്ടുള്ളവരെ സഹായിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു. വാക്‌സിനേഷന്‍ നയത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഗൂഗിള്‍ അറിയിച്ചു. ഒമൈക്രോണ്‍ വ്യാപനവും വാക്‌സിന്‍ എടുക്കുന്നതിനോടുള്ള ജീവനക്കാരുടെ എതിര്‍പ്പുകളും കണക്കിലെടുത്ത് ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടി നല്‍കിയിരുന്നു. ജനുവരി 10 മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസം ജീവനക്കാര്‍ക്ക് ഓഫീസില്‍ തിരികെ എത്താനാകും എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

ജീവനക്കാര്‍ക്ക് അവരുടെ വാക്സിനേഷന്‍ സ്റ്റാറ്റസ് കമ്പനിയെ അറിയിക്കാനും അതിന്റെ തെളിവ് കാണിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാനും ഗൂഗിള്‍ മാനേജ്മെന്റ് ഡിസംബര്‍ മൂന്ന് വരെ സമയം നല്‍കിയിരുന്നു. ഇത് അറിയിച്ചു കൊണ്ട് ഗൂഗിള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഡിസംബര്‍ മൂന്നിന് ശേഷവും വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ജീവനക്കാരെയും വാക്സിനേഷന്‍ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാത്തവരെയും ഇളവുകള്‍ നിരസിച്ച ജീവനക്കാരുമായും കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും സര്‍ക്കുലറില്‍ പറയുന്നു. വാക്സിന്‍ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങളോ അല്ലെങ്കില്‍ മതപരമായ ഇളവുകളോ ആവശ്യമാണെങ്കല്‍ അക്കാര്യം കമ്പനിയെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *