ബിജെപി എംപിയുടെ ‘വാർത്താ ചാനൽ’ സർവ്വേ ദുരുപദിഷ്ടം: കോടിയേരി

ബിജെപിയുടെ രാജ്യസഭാ എം പി ചെയർമാനായുള്ള ഒരു വാർത്താ ചാനൽ ഒരു പെയ്ഡ് സർവ്വെ നടത്തി പത്തനംതിട്ട, തിരുവനന്തപുരം ലോകസഭാ മണ്ഡലങ്ങളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടു. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ സർവ്വെ റിപ്പോർട്ടെന്ന് പറഞ്ഞ് അവതരിപ്പിച്ച് ബിജെപി അണികളെ ആവേശഭരിതരാക്കാനാണ് ആ ചാനൽ ശ്രമിച്ചത്.

രണ്ട് മണ്ഡലങ്ങളിൽ ബി ജെ പിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന് വരുത്തി തീർക്കാനുള്ള വൃഥാ വ്യായാമമായിരുന്നു ചാനൽ നടത്തിയത്. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വീണ ജോർജ്ജ് മറ്റ് സ്ഥാനാർത്ഥികളേക്കാൾ ഏറെ മുന്നിലാണുള്ളത്. മാധ്യമ പ്രവർത്തക കൂടിയായ വീണയെ ഇകഴ്ത്തിക്കാട്ടാനും സംഘപരിവാർ പ്രതിനിധിയെ ഉയർത്തിക്കാട്ടാനും തട്ടിക്കൂട്ട് സർവ്വെ റിപ്പോർട്ട് പുറത്തുവിട്ട മാധ്യമസ്ഥാപനം കാണിച്ച ആവേശം തീർത്തും ദുരുപദിഷ്ടമാണ്.കേരളത്തിലെ ഒരു മണ്ഡലത്തിലും വർഗീയ വിഷം തുപ്പുന്ന ബി ജെ പി യ്ക്ക് ഒന്നാംസ്ഥാനത്തും രണ്ടാംസ്ഥാനത്തും വരാൻ സാധിക്കില്ല- അതിനാലാണ് ഇത്തരം ആസൂത്രിത സർവ്വേകളെ അവർ ആശ്രയിക്കുന്നത്-

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ അവർക്ക് ലഭിക്കാൻ പോകുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 12 ശതമാനവും എൻഡിഎ മുന്നണിക്ക് 15 ശതമാനവും വോട്ട് ലഭിക്കുകയുണ്ടായി. എന്നാൽ, 15 ശതമാനം വോട്ട് പോലും ഇത്തവണ ലഭിക്കില്ലെന്ന വസ്തുത മനസ്സിലാക്കിയ ബിജെപി വിറളി പിടിച്ചിരിക്കയാണ്. ഇത്തരം വസ്തുതകൾ മറച്ചു വെക്കാനാണ് തെറ്റിദ്ധാരണാജനകമായ തട്ടിക്കൂട്ട് സർവ്വേ റിപ്പോർട്ടുകൾ ചില വാർത്താ ചാനലുകളെ ഉപയോഗിച്ച് പുറത്തുവിടുന്നത്.

ബിജെപിയുടെ പ്രവർത്തനത്തിന് ഊർജ്ജം പകരാനുള്ള ഈ ആസൂത്രിത നീക്കത്തെ ജനങ്ങൾ മനസ്സിലാക്കും.

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജ്ജ് വിജയം ഉറപ്പിച്ചെന്ന് മനസ്സിലാക്കിയപ്പോൾ ഏതെങ്കിലും വിധത്തിൽ ജനമനസ്സിൽ ആശങ്ക ഉൽപാദിപ്പിക്കാനാവുമോ എന്ന അന്വേഷണമാണ് വാർത്താചാനലുകൾ നടത്തുന്നത്.

തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ വളരെയേറെ മുന്നേറി നിൽക്കുകയാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച രാജഗോപാലിനെ വിജയിപ്പിക്കാൻ പെയ്ഡ് സർവ്വേ റിപ്പോർട്ടുകളുമായി ചിലർ രംഗത്ത് വന്നിരുന്നു. ആ റിപ്പോർട്ട് അപ്രസക്തമാണെന്ന് ആ കാലത്ത് തന്നെ വോട്ടർമാർക്ക് ബോധ്യപ്പെട്ടതാണ്.

മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇത്തരം ആസൂത്രിത സർവ്വെ റിപ്പോർട്ടുകൾ വോട്ടർമാരിൽ ഉണ്ടാക്കുന്ന ആശങ്കകൾ ദുരീകരിക്കുവാനുള്ള ജനകീയ ഇടപെടലുകൾ ഓരോ ബൂത്തുകളിലും ഈ പ്രാവശ്യം എൽഡിഎഫ് നടത്തിയിട്ടുണ്ട്. അതിനാൽ സർവ്വേക്കാരുടെ പരിപ്പ് കേരളത്തിൽ വേവില്ല. സർവ്വേ റിപ്പോർട്ടുകളെ ആശ്രയിച്ച് പ്രവർത്തനം നടത്തുന്ന മുന്നണിയല്ല എൽഡിഎഫ്.

ബിജെപിക്ക് കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിൽ ജനപിന്തുണ വർദ്ധിച്ചിട്ടില്ല എന്നു തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി പ്രസിഡന്റ് അമിത് ഷായും ബിജെപിക്കാരോട് ബിജെപിക്ക് തന്നെ വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതാണ് നല്ലത്. കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് മനപ്പായസമുണ്ണുമ്പോൾ സ്വന്തം കാൽക്കീഴിലെ മണ്ണ് ചോർന്നു പോകുന്നത് അവർക്ക് മനസ്സിലാകുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *