കിസാൻ സഭാ നേതാവ് പി കൃഷ്ണപ്രസാദിന് പൊലീസ് മർദ്ദനം

ഡൽഹി യുപി ഭവനു മുന്നിലെ പ്രതിഷേധത്തിനിടെ കിസാൻ സഭാ നേതാവ് പി കൃഷ്ണപ്രസാദിന് പൊലീസ് മർദ്ദനം. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് മർദ്ദനമേറ്റത്. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം 9 പേർ മരിച്ച സംഭവത്തിലാണ് പ്രതിഷേധം നടക്കുന്നത്.

നൂറോളം കിസാൻ സഭാ പ്രവർത്തകരാണ് ഇവിടെ പ്രതിഷേധത്തിനെത്തിയത്. ഇതിൽ സ്ത്രീകളെയുൾപ്പെടെ പുരുഷ പൊലീസുകാർ ആണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കൃഷ്ണദാസിനെ പൊലീസ് മർദ്ദിക്കുകയായിരുന്നു. പൊലീസ് പിടിച്ച് തള്ളിയപ്പോൾ ഇത് ശരിയല്ല എന്നും മാധ്യമങ്ങളോറ്റ് സംസാരിക്കാൻ അനുവദിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. തുടർന്ന് പൊലീസ് അദ്ദേഹത്തെ മർദ്ദിച്ച് വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. ഇതിനിടെ വാഹനത്തിൻ്റെ പിൻവാതിലിൽ നിന്ന് അദ്ദേഹം നിലത്തുവീണു.

അതേസമയം, അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി 9 പേർ മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ലഖിംപൂരിലും ഡൽഹിയിലെ യുപി ഭവനു മുന്നിലും കർഷകർ പ്രതിഷേധിച്ചു.

അതേസമയം, മൂന്ന് ബിജെപി പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടു എന്നാണ് അജയ് മിശ്ര ടേനിയുടെ അവകാശവാദം. ഇവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒന്നുകിൽ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ കർഷകരെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളടങ്ങിയ പൊലീസ് റിപ്പോർട്ടിൽ അപകടത്തിൽപ്പെട്ട വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായും പറയുന്നു. കേന്ദ്രമന്ത്രി രാജി വയ്ക്കണമെന്നും സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നുമാണ് സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ സംഘടനകളുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *