കിഫ്ബി കേസ് : തുടര്‍സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസില്‍ തോമസ് ഐസക്കിന് താല്‍ക്കാലിക ആശ്വാസം. കേസില്‍ തുടര്‍സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ട് മാസത്തേക്കാണ് ഈ നടപടി. ഇഡിയ്ക്ക് അന്വേഷണം തുടരാം. ഹര്‍ജികളില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസില്‍ റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം കേസില്‍ വിധി പുറപ്പെടുവിക്കാമെന്ന് കോടതി വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂലാ തോമസ് എന്നിവരാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി നല്‍കിയത്. ഇഡി സമന്‍സ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

താന്‍ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസര്‍വ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.

സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സമന്‍സ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരം ഉണ്ടെന്നു ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *