വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റേത് റാഗിങ് അല്ല,കൊലപാതകമെന്ന് കെ.സി വേണുഗോപാല്‍

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കെസി വേണുഗോപാല്‍. നടന്നത് റാഗിങ് അല്ലെന്നും സിദ്ധാര്‍ത്ഥിന്റേത് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. എസ് എഫ് ഐയില്‍ ചേരാത്തതിന്റെ വൈരാഗ്യമാണ് പൈശാചിക കൊലപാതകത്തില്‍ കലാശിച്ചതെന്ന് കസി വേണുഗോപാല്‍ പറഞ്ഞു.ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്. എസ് എഫ് ഐ ഹോസ്റ്റലുകളെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളെ പോലെ ആക്കി മാറ്റുകയാണ്. എസ് എഫ് ഐ യെ ക്രിമിനല്‍ സംഘമാക്കി വളര്‍ത്തി എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

മുഖ്യമന്ത്രിയെയും സംഭവത്തില്‍ പ്രതിപട്ടികയില്‍ ചേര്‍ക്കണം.കോളജുകള്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളമാക്കി കൂടെ നില്‍ക്കാത്തവരെ പീഡിപ്പിക്കുകയാണ്. കൊലപാതികകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന സന്ദേശം നല്‍കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഇന്നുള്ളത്.മുഖ്യമന്ത്രിയെ ഓര്‍ത്ത് ലജ്ജിക്കുന്നു. സംഭവത്തില്‍ അധ്യാപക സമൂഹം പ്രതിക്കൂട്ടിലാണ്.സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണ്. ഉന്നത പഠനത്തിന് അയച്ച മകനുണ്ടായത് ദാരുണ വിധിയായിപ്പോയി.

ഉത്തരേന്ത്യയില്‍ കാണുന്ന പോലുള്ള ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയാണ് സിദ്ധാര്‍ത്ഥ്.ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്. കോളജില്‍ അധ്യാപകരുടെ റോള്‍ എന്താണ്.അധ്യാപകര്‍ നിര്‍ഭയത്തോടെ കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭിക്ഷ യാചിച്ചു നില്‍ക്കേണ്ട സാഹചര്യത്തിലാണോ കേരളത്തിലെ ജനാധിപത്യ സമൂഹം. സിദ്ധാര്‍ത്ഥുന് നീതി വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *