ആഗോള വിപുലീകരണത്തിനൊരുങ്ങി കാവ്ലി വയര്‍ലെസ്; സീരീസ് എ ഫണ്ടിങ്ങില്‍ 10 മില്യണ്‍ യു.എസ് ഡോളര്‍ നേടി

കൊച്ചി; കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെല്ലുലാര്‍ ഐ.ഒ.ടി കമ്പനിയായ കാവ്ലി വയര്‍ലെസ് ആഗോള നിക്ഷേപകരില്‍ നിന്ന് 10 മില്യണ്‍ യു.എസ് ഡോളര്‍ നേടി സീരിസ് എ ഫണ്ടിങ്ങ് റൗണ്ട് വിജയകരമായി പൂര്‍ത്തിയാക്കി. ചിരാട്ടെ വെഞ്ചേഴ്സും ക്വാല്‍കോം വെഞ്ചേഴ്സും ചേര്‍ന്നാണ് ഫണ്ടിങ്ങ് റൗണ്ടിന് നേതൃത്വം നല്‍കിയത്. കൂടാതെ യു.എസിലെ പ്രധാന ടെക്നോളജി കമ്പനികളും ഫണ്ടിങ്ങ് റൗണ്ടിന്റെ ഭാഗമായി.

സ്മാര്‍ട്ട് പ്രൊഡക്ട് ഡെവലപ്പ്മെന്റിനായി ഉപഭോക്താക്കള്‍ക്കും കാവ്ലി എന്‍ജിനിയറിങ്ങ് ടീമും തമ്മില്‍ സഹകരിക്കാന്‍ കസ്റ്റമര്‍ എക്സ്പീരിയന്‍സ് സെന്റര്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനൊപ്പം കാവ്ലിയുടെ ബിസ്നസ്, സാങ്കേതിക മേഖലകളിലായി 200ലധികം അംഗങ്ങളെ കൂട്ടിച്ചേര്‍ക്കാനും അതുവഴി ഇന്ത്യയിലെ സാങ്കേതിക പ്രതിഭകളെ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഉപഭോക്താക്കളുടെ എന്‍ജിനിയറിങ്ങ് ടീമും കാവ്ലിയുടെ ടീമുമായി സഹകരിച്ച് ഉല്‍പ്പന്ന നവീകരണവും വികസനപ്രവര്‍ത്തനങ്ങളും നടത്തുന്നതിനാല്‍ ഇത്തരം സജീവമായ നടപടികള്‍ രാജ്യത്തെ ഐ.ഒ.ടി സെമി കണ്ടക്ടര്‍ മേഖലകളുടെ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാകും.

ഇന്റഗ്രേറ്റഡ് ഇ-സിമ്മും ഗ്ലോബല്‍ കണക്റ്റിവിറ്റിയും ഉള്ള സെല്ലുലാര്‍ മൊഡ്യൂളുകളുടെ രൂപകല്‍പ്പനയിലും ഉല്‍പ്പാദനത്തിലും വൈദഗ്ധ്യമുള്ള കാവ്ലി വയര്‍ലെസ് 4ജി, 5ജി സാങ്കേതിക വിദ്യകളിലെ മുന്‍നിര കമ്പനിയാണ്. കമ്പനി സ്ഥാപകരായ ജോണ്‍ മാത്യു, അജിത് തോമസ്, തരുണ്‍ തോമസ് ജോര്‍ജ്, അഖില്‍ എ സീബ് എന്നിവര്‍ ലളിതവും തടസമില്ലാത്തതും ആഗോളതലത്തില്‍ പ്രാപ്യവുമായ ഐ.ഒ.ടി ലഭ്യമാക്കല്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നാല് ഭൂഗണ്ഡങ്ങളിലായി യു.എസ്, ഇന്ത്യ, സ്പെയിന്‍, വിയറ്റ്നാം, യു.കെ, ഫ്രാന്‍സ്, ഇറ്റലി, തുര്‍ക്കി, ജര്‍മനി തുടങ്ങിയ 30ലധികം രാജ്യങ്ങളിലെ ഐ.ഒ.ടി ക്രിയേറ്റേഴ്സിന് കാവ്ലി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഈ ഫണ്ടിങ്ങ് നേടിയതിലൂടെ കാവ്ലി വയര്‍ലെസ് വിപണി വികസിപ്പിക്കാനും ഉല്‍പ്പന്ന ശേഷി വര്‍ദ്ധിപ്പിക്കാനും പദ്ധതിയിടുന്നു. നിലവില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള കാവ്ലി വയര്‍ലെസ് ഗ്ലോബല്‍ ആര്‍ ആന്‍ഡ് ആന്‍ഡ് എന്‍ജിനിയറിങ്ങ് സെന്ററിലേക്കുള്ള നിയമനങ്ങള്‍ വേഗത്തിലാക്കാനും പദ്ധതിയുണ്ട്. ഐ.ഒ.ടി, ടെലികോം ടെക്നോളജി എന്നിവയുടെ കേന്ദ്രമായി കൊച്ചി നഗരത്തെ മാറ്റിയെടുക്കുന്നതിനും ക്യാമ്പസ് റിക്രൂട്ട്മെന്റ്, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവ വഴി പ്രദേശത്തെ ടെക്നോളജി ടാലന്റ് പൂള്‍ വര്‍ധിപ്പിക്കാനും കാവ്ലിയുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാകും. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഉടനീളം ബിസ്സ് വിപുലീകരിക്കാനും പദ്ധതിയുണ്ട്. കൂടാതെ പുതിയതും മെച്ചപ്പെടുത്തിയതുമായ ഓട്ടമേറ്റഡ് കാലിബ്രേഷനും ഹൈസ്പീഡ് ഫേംവെയര്‍ ഫ്ളാഷിങ്ങ് ലൈനുകളും സ്ഥാപിക്കുന്നതിലൂടെ കാവ്ലിയുടെ ഇന്ത്യയിലെ നിര്‍മാണ അടിത്തറ ശേഷി വര്‍ധിപ്പിക്കാനും സാധിക്കും.

‘ഞങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ച്, ഗവേഷണ-വികസന കഴിവുകള്‍ വര്‍ധിപ്പിച്ച്, ഞങ്ങളുടെ അന്താരാഷ്ട്ര സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആഗോള ഐ.ഒ.ടി വിപണിയില്‍ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഈ സീരീസ് എ സഹായിക്കുമെന്ന് കാവ്‌ലി വയര്‍ലെസ് സി.ഇ.ഒ ജോണ്‍ മാത്യു പറഞ്ഞു. ആഗോളതലത്തില്‍ ഓട്ടോമോട്ടീവ്, വ്യാവസായിക മേഖലകളെ അഭിസംബോധന ചെയ്യുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലാറ്റ്‌ഫോം സൊല്യൂഷനിലൂടെ, കാവ്‌ലി ഹബിള്‍ ഞങ്ങളുടെ ഹാര്‍ഡ്വെയര്‍ പോര്‍ട്ട്‌ഫോളിയോയുമായി കര്‍ശനമായി സംയോജിപ്പിച്ചിരിക്കുന്നു, സിലിക്കണ്‍ ടു ക്ലൗഡ് ഏകീകരണം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീകരണത്തിലും ഉപഭോക്തൃ സേവനത്തിലും ഉറച്ച പ്രതിബദ്ധതയാണ് കാവ്ലി വയര്‍ലെസ് പ്രകടിപ്പിച്ചതെന്നും മൊബിലിറ്റി ആന്‍ഡ് ഐ.ഒ.ടി സ്പെയ്സിലും നേതൃനിരയിലേക്ക് കമ്പനി ഉയര്‍ന്നെന്നും കാവ്ലിയുടെ വീക്ഷണത്തെ പിന്തുണയ്ക്കുന്നതില്‍ സന്തുഷ്ടരാണെന്നും സമാനതകളില്ലാത്ത ഐ.ഒ.ടി കണക്ടിവിറ്റി വൈദഗ്ധ്യത്തെ പിന്തുണയ്ക്കുകയാണെന്നും ചിരാട്ടെ വേഞ്ചേഴ്സിന്റെ സ്ഥാപകനും വൈസ് ചെയര്‍മാനുമായ ടി.സി.എം സുന്ദരം പറഞ്ഞു.

5ജിയുടെ വളര്‍ച്ചയും വ്യവസായങ്ങളിലുടനീളം ഐ.ഒ.ടി അടിസ്ഥാനായുള്ള ആപ്ലിക്കേഷനുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്നതും ഐ.ഒ.ടി ഉല്‍പ്പന്നങ്ങളുടെ വികസനവും പ്രചാരണവും ആവശ്യമാക്കിയെന്ന് ക്വാല്‍കം ടെക്നോളജീസ് ഐ.എന്‍.സി സീനിയര്‍ വൈസ് പ്രഡിഡന്റും ക്വാല്‍കോം വെഞ്ചേഴ്സ് ആഗോള തലവനുമായ ക്വിന്‍ ലി പറഞ്ഞു. കാവ്ലി വയര്‍ലസിന്റെ ഇന്റലിജന്റ് സൊല്യൂഷന്‍ മോഡം ഹാര്‍ഡ്വെയര്‍, കണക്റ്റിവിറ്റി, ഡിവൈസ് മാനേജ്മെന്റ് എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിച്ച് ബിസിനസുകളുടെ അവരുടെ ഐ.ഒ.ടി ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന് സഹായിക്കുന്നു. കാവ്ലി വയര്‍ലസില്‍ നിക്ഷേപിക്കുന്നതില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ഐ.ഒ.ടി വിപണി അതിവേഗം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. 2025ഓടെ കണക്റ്റഡ് ഉപകരണങ്ങളുടെ എണ്ണം 30 ബില്യണ്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ നിക്ഷേപം വരുന്നത്. കാവിലിന്റെ സമഗ്രമായ ഐ.ഒ.ടി കണക്റ്റിവിറ്റി സൊല്യൂഷന്‍ സ്യൂട്ട് അതിന്റെ കണക്റ്റിവിറ്റി മാനേജ്മെന്റ് ക്ലൗഡ് പ്ലാറ്റ്ഫോമായ കാവ്ലി ഹബ്ബിളാണ് നല്‍കുന്നത്. ഐ.ഒ.ടിയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനം നടത്തുന്നതിനും വളര്‍ച്ചയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *