കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. കക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണുള്ളത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

തൃശൂരില്‍ പുത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഓഫീസിന് മുന്നിലുണ്ടായിരുന്ന പി കൃഷ്ണപ്പിള്ളയുടെ പ്രതിമ അടിച്ചു തകര്‍ത്ത ശേഷം തോട്ടിലേക്ക് വലിച്ചെറിഞ്ഞു. കോഴിക്കോട് പേരാമ്പ്രയിലും സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫീസിന് തീയിടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അക്രമങ്ങള്‍ വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറിഞ്ഞു. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേയും മണ്ണൂരിലും കൊയിലാണ്ടിയിലും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.

അതേസമയം കോഴിക്കോട് തിക്കോടിയിലെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 143, 146, 147 വകുപ്പുകള്‍ പ്രകാരം പയ്യോളി പൊലീസാണ് കേസെടുത്തത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *