സംസ്ഥാനത്ത് പ്രിക്കോഷന്‍ ഡോസിനായി ആറ് ദിവസത്തെ പ്രത്യേക യജ്ഞം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കും. ജൂണ്‍ 16 മുതല്‍ വരുന്ന 6 ദിവസങ്ങളിലാണ് പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുന്നത്.


ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വ്യാഴം, വെള്ളി, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷന്‍ ഡോസ് യജ്ഞം. ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ല എന്നും മന്ത്രി വ്യക്തമാക്കി.

60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയര്‍ രോഗികള്‍, കിടപ്പ് രോഗികള്‍, വയോജന മന്ദിരങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് പ്രിക്കോഷന്‍ ഡോസ് വീട്ടിലെത്തി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് കൊറോണ കേസുകള്ളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ എടുക്കാനുള്ള മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണമെന്നും, രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും ഉടന്‍ തന്നെ വാക്‌സിനെടുക്കേണ്ടതാണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *