നീതി ആയോഗിന്റെ ആരോഗ്യ സര്‍വേ;കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍

നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതില്‍ കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് എത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയുള്ള പരിഹാസവും ട്വീറ്റില്‍ ഉണ്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്. യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയാണ് എങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. അല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തും എന്നും തരൂര്‍ പറഞ്ഞു. ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന് 2017 ല്‍ യോഗി പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാര്‍ത്തയും ട്വീറ്റിനൊപ്പം തരൂര്‍ പങ്കുവെച്ചു.

കേരളത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെ മാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് തരൂര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശം പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പോസ്റ്റ്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.തമിഴ്നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *