കുറുക്കൻമൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ ഉത്തരവിട്ട് വനംവകുപ്പ്

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളില്‍ ആഴ്ചകളായി ഭീതി പടര്‍ത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ ഉത്തരവിട്ട് വനംവകുപ്പ്. ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. പത്ത് ദിവസത്തില്‍ കൂടുതലായി ജനവാസ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്താനുള്ള നടപടി.

പ്രദേശത്ത് കടുവയെ പിടിക്കാനായി സ്ഥാപിച്ച അഞ്ച് കൂടുകള്‍ അടിയന്തരമായി മാറ്റാനും ഉത്തരവില്‍ പറയുന്നു. എന്നാല്‍ സ്ഥാപിച്ചിരിക്കുന്ന് ക്യാമറകളിലൂടെയുള്ള നിരീക്ഷണം തുടരും. ഉള്‍വനത്തിലേക്ക് പോയ കടുവ ഇനി തിരികെ വരില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. കടുവയുടെ കഴുത്തിലെ മുറിവില്‍ നിന്ന് വീണ ചോര, കാട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനത്തില്‍ എവിടെയെങ്കിലും കടുവ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തിരച്ചില്‍ ഇതുവരെ പുരോഗമിച്ചത്.

കഴുത്തില്‍ മുറിവേറ്റിട്ടുള്ളതിനാല്‍ കടുവയ്ക്ക് ചികിത്സ നല്‍കണം. അതിനായി നിരീക്ഷണം തുടരണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പൂര്‍ണമായി തിരച്ചില്‍ നിര്‍ത്തുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. കുറുക്കന്‍മൂലയിലും പരിസരപ്രദേശങ്ങളിലുമായി 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *