ഗവ പ്ലീഡര്‍ക്കെതിരായ പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ ക്രൂരമര്‍ദ്ദനം

ഹൈക്കോടതിവളപ്പില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നാണയത്തുട്ടെറിഞ്ഞു. ധര്‍ണയ്ക്കു നേരെ ഒരു അഭിഭാഷകന്‍ ബൈക്കോടിച്ചു കയറ്റാന്‍ ശ്രമിച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.ഹൈക്കോടതിയിലെ മീഡിയാ റൂം അഭിഭാഷകര്‍ പൂട്ടി. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. മീഡിയാവണ്‍ സംഘത്തിന്റെ ക്യാമറയ തല്ലിത്തകര്‍ത്ത് അഭിഭാഷകര്‍ ഡിഎസ്എന്‍ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനേയും മര്‍ദ്ദിച്ചു.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ഇത് നയിച്ചു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് രണ്ടുതവണ ലാത്തിവീശി. പൊലീസിന് നേരെയും അഭിഭാഷകര്‍ ആക്രമണം നടത്തി. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച ശേഷം അഭിഭാഷകര്‍ ഹൈക്കോടതിക്ക് ഉള്ളില്‍ അഭയം തേടിയിരിക്കുകയാണ്. സംഘര്‍ഷം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.ഇന്നലെയും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നത് തടയണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *