ന്യൂയോര്‍ക്ക്: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി ഇറ്റലി യു എന്നില്‍ അപ്പീല്‍ നല്‍കി. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ജലിനോ അല്‍ഫിനോ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ വിചാരണ നീണ്ടു പോകുന്നതായി അല്‍ഫിനോ പറഞ്ഞു. നാവികരുടെ മോചനത്തിനു യു എന്‍ ഇടപെടണമെന്നു അല്‍ഫിനോ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. നാവികരുടെ വിചാരണ ഇറ്റലിയിലേക്ക് മാറ്റണമെന്ന ആവശ്യവും ഇറ്റാലിയന്‍ മന്ത്രി ഉന്നയിച്ചിട്ടുണ്ട്.
നാവികരുടെ മോചനത്തിനു വേണ്ടി ഇറ്റലി നേരത്തെ നാറ്റോ, യു എസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ സഹായം തേടിയിരുന്നു. അതിനിടെ ഇറ്റലിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം നാവികരുടെമേല്‍ വധശിക്ഷ ലഭിക്കാവുന്ന സുവ ചുമത്തില്ലന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.