ചര്‍ച്ചകള്‍ക്കിടെ വഞ്ചിച്ചു; യു എസുമായി ആണവ ചര്‍ച്ച പുന:രാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍


യുഎസുമായി ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഇറാന്‍. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് കരാറോ ക്രമീകരണങ്ങളോ സജ്ജമാക്കിയിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേ സമയം ആണവനിര്‍വ്യാപന കരാറിനുള്ള യുഎസ്-ഇറാന്‍ ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാന്‍ ഇടയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.


ഇതിനുപിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി നിലപാടറിയിച്ചത്.ആണവച്ചര്‍ച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.


അമേരിക്കക്കാരില്‍നിന്ന് തങ്ങള്‍ക്ക് പ്രയാസകരമായ അനുഭവമാണുണ്ടായത്. ചര്‍ച്ചകള്‍ക്കിടെ അവര്‍ വഞ്ചിച്ചു. ഈ അനുഭവം തങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കും. പക്ഷേ, ആ തീരുമാനം ഇറാനിയന്‍ ജനതയുടെ ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ വലിയ വാഗ്ദാനങ്ങള്‍ അമേരിക്ക നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. സിവിലിയന്‍ ആണവ പദ്ധതി നിര്‍മ്മിക്കുന്നതിന് ഇറാന് 30 ബില്യണ്‍ ഡോളറിന്റെ സഹായം, ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍ അയവുവരുത്തല്‍, വിദേശബാങ്ക് അക്കൗണ്ടുകളിലുള്ള ഇറാന്റെ ആറ് ബില്യണ്‍ ഡോളര്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് അമേരിക്ക മുന്നാട്ടു വച്ചതെന്നാണ് റിപ്പോര്‍ട്ട്.



Sharing is Caring