
ഇന്ദു മോഹനെ അത്ര വേഗമൊന്നും മറന്നു പോകില്ല സിനിമകളെയും കഥാപാത്രങ്ങളെയും അകമഴിഞ്ഞ് സ്നേഹിക്കുന്നവര്‍. സിനിമയ്ക്കകത്തും പുറത്തും അമ്മ വേഷക്കാരിയാകാന്‍ മാത്രം കൊതിയ്ക്കുന്ന ഈ ആലപ്പുഴക്കാരിയ്ക്ക് കവിയൂര്‍ പൊന്നമ്മ മുതല്‍ക്കിങ്ങോട്ടു വെള്ളിത്തിരയിലെ അമ്മമാരോട് അടങ്ങാത്ത ആരാധനയാണ്. ‘വാസ്തവ’ത്തില്‍ കാവ്യാ മാധവന്റെ അമ്മയായിട്ടായിരുന്നു ഇന്ദു മോഹന്റെ കന്നി അരങ്ങേറ്റം. അതിനു ശേഷമിങ്ങോട്ട്നഗരം, മിഴികള്‍ സാക്ഷി,മേഘതീര്‍ത്ഥം, തുടങ്ങി ഇരുപതോളം സിനിമകള്‍ ചെയ്തു. തുടര്‍ച്ചയായി നിരവധി വേഷങ്ങള്‍ ചെയ്തുവെങ്കിലും പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍ക്കാന്‍ പാകത്തിന് ഒരു ശ്രദ്ധേയ കഥാപാത്രം ലഭിച്ചില്ല എന്നാ ദുഖവുമുണ്ട് ഇന്ദു മോഹന്.
കഥാപാത്രത്തിന് സിനിമയിലുള്ള ദൈര്‍ഘ്യത്തെയും പ്രാധാന്യത്തെയും കുറിച്ച് ഇവര്‍ ആകുലപ്പെടാറില്ല. ഇതു ചെറിയ വേഷങ്ങളും തന്റേതായ ശൈലിയില്‍ കൈകാര്യം ചെയ്യാനുള്ള മികവും മിടുക്കുമുണ്ട് ഈ കലാകാരിയ്ക്ക്. എന്നാല്‍ അമ്മ വേഷങ്ങള്‍ക്ക് പുതിയ സിനിമകളില്‍ പഞ്ഞമാണ് എന്ന വസ്തുതയും ഇവര്‍ മറച്ചു വയ്ക്കുന്നില്ല.

ആലപ്പുഴയിലെ ഹരിപ്പാട്ടാണ് ഇന്ദു മോഹന്റെ ജനനം.അച്ഛന്‍ വാസുദേവന്‍ നായര്‍ 4 വര്ഷം മുന്‍പ് മരിച്ചു. ഭര്‍ത്താവിന്റെ കൂടെ ഏറെക്കാലം ചെന്നൈയില്‍ ആയിരുന്ന ഇന്ദു ഇപ്പോള്‍ അമ്മ ചെല്ലമ്മയുടെ ചെല്ലക്കുട്ടിയായി അമ്മയ്ക്ക് തുണയായി ആലപ്പുഴയിലെ വീട്ടിലാണ് താമസം. പത്തൊന്‍പതാം വയസ്സിലാണ് ഇന്ദുവെന്ന പെണ്‍കുട്ടി ഇന്ദു മോഹനായത്.
അഭിനയിച്ചതിലേറെയും സുരേഷ് ഗോപിയോടൊത്താണ്.തിലകനും സുരേഷ് ഗോപിയും തനിക്കു തന്ന പരിഗണനയും പിന്തുണയും വിലമതിക്കാനാവാത്തതാണെന്ന് പറയുമ്പോള്‍ ഇന്ദുവിന്റെ മുഖത്ത് അഭിമാനം.
പരിണയം, പട്ടുസാരി, വൃന്ദാവനം എന്നീ സീരിയലുകളിലും ഇവര്‍ തന്‍റെ കഴിവ് തെളിയിച്ചു. ഷൂട്ടിംഗ് ഇടവേളയിലെല്ലാം ആലപ്പുഴയിലെ വീട്ടില്‍ രുചിയുടെ മേളവും സ്നേഹത്തിന്റെ ചില്ലറ കലഹങ്ങളും അല്പം തയ്യലുമോക്കെയായി കൂടാനാണ് ഇന്ദുവിനിഷ്ട്ടം.
ഇനിയും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹവുമായി പുതിയ സിനിമകളെയും വേഷങ്ങളെയും കാത്തിരിക്കുകയാണ് ഇന്ദു മോഹന്‍ .ഇന്ദു മോഹൻ അഭിനയിച്ച ലസറിന്റെ ലോകം, ടി പി 51, കിഡ്നി ബിരിയാണീ, അപ്പൂസിന്റെ സ്വന്തം അച്ചൂസ്, എന്നീ സിനിമകൾ അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുകയാണ്.
