ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന് കെസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട ചർച്ചയിലാണ്. കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചതും പുന:സംഘടനയെ കുറിച്ച് അഭിപ്രായം ആരായാൻ തന്നെ. പ്രാദേശിക തലം മുതൽ അഴിച്ചുപണി നടത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കർമ്മ പദ്ധതി അവതരിപ്പിച്ച സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൊടകര കുഴൽപണക്കേസും തിരഞ്ഞെടുപ്പ് പരാജയവും കോഴക്കേസും ഉൾപ്പെടെ പാർട്ടിയുടെ പ്രതിഛായ തകർത്ത സംഭവങ്ങൾ കേന്ദ്രത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

സുരേന്ദ്രനെ മാറ്റിയാൽ പകരക്കാരനായി ഒറ്റപ്പേരിലെത്താൻ കേന്ദ്രത്തിനും സാധിച്ചിട്ടില്ല, സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, വൈസ് പ്രസിഡൻ്റ് എഎൻ രാധാകൃഷ്ണൻ എന്നീ പേരുകളാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്. ആർഎസ്എസിനും ഇവർ അഭിമതരാണ്. എന്നാൽ ഈ രണ്ട് പേരുകളും മുരളീധര പക്ഷത്തിന് സ്വീകാര്യമല്ല. കെ സുരേന്ദ്രൻ തുടരണമെന്നാണ് മുരളീധര പക്ഷത്തിൻ്റെ വാദം.

പഴയപടി തർക്കം തുടരുന്ന സാഹചര്യത്തിൽ ഗ്രൂപ്പിനതീതനായ ഒരാളെ കണ്ടെത്താനും കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങി. സുരേഷ് ഗോപി, വത്സൻ തില്ലങ്കേരി തുടങ്ങി പേരുകൾ ചിലർ മുന്നോട്ടുവെച്ചിട്ടുണ്ട്. പികെ കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷനാക്കാനും സാധ്യതയുണ്ട്, പകരക്കാരനെ ചൊല്ലി തർക്കം തുടരുന്ന സാഹചര്യത്തിൽ ഡിസംബർ വരെ സുരേന്ദ്രൻ തുടരും, കേന്ദ്ര മന്ത്രി വി മുരളീധരനും ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷും കെ സുരേന്ദ്രനെ നിലനിർത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതു കൊണ്ട് തന്നെ മോദി- അമിത് ഷാ- നദ്ദ ത്രയങ്ങളുടെ തീരുമാനം നിർണായകമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *