ഇന്ത്യ തോറ്റ് പോയത് എന്തുകൊണ്ട്

ഡേവിഡ് മില്ലര്‍ ഇത് പോലെ മിന്നും ഫോമില്‍ കളിക്കുമ്പോള്‍ ,താരതമ്യേന അനുഭവസമ്പത് കുറഞ്ഞ ബൗളിംഗ് നിരയെ വെച്ച്, ബാറ്റിംഗ് അനായാസമായ, ചേസ് ചെയ്യുന്ന ടീമിന് അനുകൂലമാകുന്ന ചരിത്രമുള്ള ഡല്‍ഹി ഗ്രൗണ്ടില്‍ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യുക എന്നത് ഏതൊരു ടീമിനും വെല്ലുവിളി തന്നെയാണ്. ഇങ്ങനെ നിരവധി പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും ഈ തോല്‍വിയുടെ പേരില്‍ ക്യാപ്റ്റന്‍ പന്തിനെ വിമര്‍ശിക്കുന്നവരോട് വിയോജിക്കാന്‍ കഴിയില്ല എന്നതും വസ്തുത തന്നെയാണ്.

സ്‌കോര്‍ ബോര്‍ഡിലെ 211 എന്ന കൂറ്റന്‍ സ്‌കോറിന്റെ ബലത്തില്‍ മത്സരം പകുതി ജയിച്ചു എന്ന അമിത ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയത് എന്നാണ് എനിക്ക് തോന്നിയത്. എങ്ങനെയെങ്കിലും ഇരുപത് ഓവര്‍ എറിഞ്ഞു തീര്‍ത്താല്‍ മതി, കളി ജയിച്ചോളും എന്ന ഒരു ആലസ്യം ക്യാപ്റ്റന്‍ പന്തിലും സഹകളിക്കാരിലും പ്രകടമായിരുന്നു. സഹകളിക്കാരിലേക്ക് ആവേശമോ ആക്രമണോല്‍സുകതയോ പകരാന്‍ ക്യാപ്റ്റന്‍ പന്തിന് കഴിഞ്ഞില്ല.

ചഹാല്‍ എന്ന വിക്കറ്റ് ടേക്കിങ് ബൗളറെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നതും കളിയിലെ പോരായ്മയായി തോന്നി. തുടക്കത്തില്‍ റണ്‍സ് വഴങ്ങുക എന്നത് ചാഹലിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. എങ്കിലും ചാഹലിനെ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ നിര്‍ണായ വിക്കറ്റുകള്‍ എടുത്ത് കളി നിയന്ത്രിക്കുക എന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ വിജയകരമായി നടപ്പിലാക്കിയ തന്ത്രം പന്ത് പരീക്ഷിച്ചില്ല. ഇന്നിങ്‌സിന്റെ എട്ടാം ഓവറിന് ശേഷം ചാഹലിനെ എവിടെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ പന്തിന് ആശയക്കുഴപ്പമായിരുന്നു. ഒടുവില്‍ അവസാന ഘട്ടത്തില്‍ മില്ലറും വാന്‍ഡര്‍ഡസണും തച്ച് തകര്‍ത്ത് കളി തീരുമാനമാക്കിയപ്പോള്‍ ചടങ്ങ് തീര്‍ക്കാന്‍ വേണ്ടി മാത്രമേ ചാഹലിന്റെ ഓവര്‍ ഉപകരിച്ചുള്ളൂ.

ഇന്റര്‍നാഷണല്‍ ലെവലില്‍ ക്യാപ്റ്റന്‍സി ആദ്യമായിട്ടാണ് പരമ്പര തുടങ്ങുന്നതിന് തലേ ദിവസം മാത്രം തേടിയെത്തിയ പദവിയാണ്, മാനസികമായ തയ്യാറെടുപ്പിനും സമയം ഉണ്ടായില്ല എന്നൊക്കെ വാദിക്കാമെങ്കിലും ‘ലോകക്രിക്കറ്റിന്റെ ഭാവി’ എന്ന് ക്രിക്കറ്റ് ബുദ്ധിജീവികള്‍ ഏറെക്കാലം മുന്‌പേ വാഴ്ത്തിപ്പാടാന്‍ തുടങ്ങിയ ഋഷഭ് പന്തിന്റെ ‘ലീഡര്‍ ആയിട്ടുള്ള തുടക്കം ഒട്ടും നന്നായില്ലെന്ന് തന്നെ പറയേണ്ടി വരും.

അനുഭവങ്ങള്‍ പാഠഭാഗങ്ങളാക്കി കരുത്തോടെ തിരിച്ച് വന്ന് പരമ്പര സ്വന്തമാക്കാന്‍ ക്യാപ്റ്റന്‍ പന്തിന് കഴിയട്ടെ എന്നാഗ്രഹിക്കുന്നു .. ആശംസിക്കുന്നു..

Spread the love

Leave a Reply

Your email address will not be published. Required fields are marked *