രാജസ്ഥാനില്‍ ഗെഹ്ലോട്ട് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു. ഇതറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. റവന്യൂ മന്ത്രി ഹരീഷ് ചൗധരി, ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊതസ്ര എന്നിവരാണ് സ്ഥാനമൊഴിഞ്ഞതെന്ന് രാജസ്ഥാന്റെ ചുമതലുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു.

പദവികള്‍ ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഗോവിന്ദ് സിങ് ദൊതസ്ര നിലവില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ്. രഘു ശര്‍മയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും അടുത്തിടെ നല്‍കിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി അവരെ ബഹുമാനിക്കുന്നുവെന്നും, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഇത്തരം മനോഭാവം ഉള്ളവരില്‍ സന്തോഷമുണ്ടെന്നും അജയ് മാക്കന്‍ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയില്‍ ഒരു നേതാവിന് ഒരു സ്ഥാനം എന്ന തത്വം പാലിക്കാനാണ് തീരുമാനം. പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. ഇന്നു വൈകിട്ട് മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

പുന:സംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് സോണിയാ ഗാന്ധിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ സച്ചിന്‍ പൈലറ്റും അദ്ധ്യക്ഷയെ കണ്ടു. സച്ചിന്‍ അനുഭാവികളെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന നടത്താമെന്ന് ഹൈക്കമാന്‍ഡ് സമ്മതിച്ചിരുന്നു. പുതുതായി 12 മന്ത്രിമാരെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *