തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി മുന്നണികൾ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ചര്‍ച്ച ഇന്ന് നടക്കും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇടതു മുന്നണിയും വിഷയം ചര്‍ച്ച ചെയ്‌തേക്കും.

തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോണ്‍ഗ്രസിന്റെ ചര്‍ച്ച. കെപിസിസി അധ്യഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പിടി തോമസിന്റെ ഭാര്യ ഉമതോമസിനാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രഥമപരിഗണന.

സില്‍വര്‍ലൈന്‍ വാദങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് തയ്യാറെടുക്കുന്നത്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. 2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകൃതമായത്. ഇതുവരെ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. മണ്ഡലത്തില്‍ മികച്ച പോരാട്ടം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞിണ്ടുണ്ടെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. അതേ സമയം യാതൊരു വെല്ലുവിളികളുമില്ലാതെ പി.ടി തോമസ്് ജയിച്ച മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. മെയ് 11 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.

12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദ്ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *