കൊച്ചി: ബാര്‍ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് ബാറുടമകള്‍ക്കും അവരെ പിന്തുണയ്ക്കുന്ന ഭരണ-രാഷ്ട്രീയ കക്ഷി നേതൃത്വത്തിനും തിരിച്ചടിയായി. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കാത്തിനെത്തുടര്‍ന്നാണ് ബാറുടമകള്‍ കോടതിയെ സമീപിച്ചത്. വാദം പൂര്‍ത്തിയാക്കിയ കേസില്‍ നിന്നും അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ജസ്റ്റീസ് സി ടി രവികുമാര്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് വീണ്ടും വാദം കേട്ട ജസ്റ്റീസ് ചിദംബരേഷിന്റെ ബഞ്ചാണ് ലൈസന്‍സ് പുതുക്കേണ്ടെന്ന ഉത്തരവിറക്കിയത്. ലൈസന്‍സ് പുതുക്കാന്‍ നിര്‍ദ്ദേശം നല്‍കില്ലെന്നും സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സര്‍ക്കാരും ബഹുഭൂരിപക്ഷം കോണ്‍ഗ്രസ്-യു ഡി എഫ് നേതാക്കളും ഒരു പക്ഷത്തുനിന്ന് വാദിച്ചെങ്കിലും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ സര്‍ക്കാരിന് കഴിയാതിരുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസിലും യു ഡി എഫിലും ചര്‍ച്ചകള്‍ ഏറെ നടന്നെങ്കിലും തീരുമാനമെടുക്കാനായില്ല. തുടര്‍ന്ന് കോടതി ഉത്തരവ് വന്നാല്‍ അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോടതി തീരുമാനം എതിരായതോടെ സര്‍ക്കാരും #ിക്കാര്യത്തില്‍ വെട്ടിലായിരിക്കുകയാണ്.
