വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണത്തിനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയ്ക്ക് കോടതി നല്‍കിയ നിര്‍ദ്ദേശം.സംഭവത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തേ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും സിബിഐയും ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന കണ്ടെത്തലില്‍ ആയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നുമാണ് കെസി ഉണ്ണിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.സംഭവത്തില്‍ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ടെന്ന തരത്തിലുള്ള ചില വെളിപ്പെടുത്തലുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളും ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ സിബിഐ ഇത്തരം കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് അന്വേഷണം നടത്തിയതെന്നാണ് ആരോപണം.ഇതേ തുടര്‍ന്നാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. മകന്റെ മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അറിയാന്‍ പിതാവിന് അവകാശമുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *