ബാംഗളൂരിൽ വീണ്ടും കനത്ത മഴ:നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി

ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ബെല്ലന്ദൂരിലെ ഐടി മേഖല ഉൾപ്പെടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിലായി. നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള രാജമഹൽ ഗുട്ടഹള്ളിയിൽ 59 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി യെല്ലോ അലേർട്ട് തുടരുമെന്ന് അറിയിച്ചു.

വെള്ളക്കെട്ടുള്ള റോഡുകളുടെയും തുറന്ന മാൻഹോളുകളിലേക്ക് വെള്ളം ഒഴുകുന്നതന്റെയും ബേസ്മെൻറ് പാർക്കിംഗുകളിൽ വെള്ളത്തിനടിയിലായ വാഹനങ്ങളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൈകുന്നേരം 7.30-ഓടെ മഴ തുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കനത്ത മഴയിൽ മജസ്റ്റിക്കിന് സമീപത്തെ മതിൽ ഇടിഞ്ഞുവീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

കഴിഞ്ഞ മാസം, തുടർച്ചയായി മൂന്ന് ദിവസമായി പെയ്ത മഴയെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഇത് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷപാർട്ടിയായ കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനും കാരണമാകുകയും ചെയ്തിരുന്നു. ആഗോള ഐടി കമ്പനികളും ആഭ്യന്തര സ്റ്റാർട്ടപ്പുകളും സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായിരുന്നു. വെളളക്കെട്ട് ഒഴിവാകാൻ ദിവസങ്ങളെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *