തൃശൂർ:’ആവേശം’ മോഡലില്‍ ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ പാർട്ടി ആഘോഷിക്കാൻ ഒത്തുചേർന്ന 32 പേരെ പൊലീസ് പിടികൂടി.നേതാവിന്റെ കൂട്ടാളികള്‍, ആരാധകർ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ താക്കീത് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവർ ഉള്‍പ്പെടെ ബാക്കിയുള്ള 16 പേർക്കെതിരെ മുൻകരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങും മുമ്ബേ പൊലീസ് സ്ഥലത്തെത്തിയതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഇന്നലെ ഉച്ചയോടെ തെക്കേ ഗോപുര നടയ്‌ക്ക് സമീപത്ത് വച്ചാണ് സംഭവം.
ഗുണ്ടാത്തലവൻ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലൂടെ റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജയില്‍ മോചിതനായ മറ്റൊരു ഗുണ്ടാത്തലവന് വേണ്ടി അനുയായികള്‍ കുറ്റൂരിലെ കോള്‍പാടത്ത് പാർട്ടി നടത്തിയതിന്റെ റീലുകള്‍ നേരത്തേ പ്രചരിച്ചിരുന്നു. അന്നും ഗുണ്ടാ നേതാവിന്റെ ആരാധകരായ നിരവധി വിദ്യാർത്ഥികള്‍ സംഘത്തിലുണ്ടായിരുന്നു.
പൊലീസിന്റെ കയ്യെത്തും ദൂരത്ത് പാർട്ടി നടത്തിയാല്‍ കിട്ടുന്ന വാർത്താ പ്രാധാന്യം കൂടി കണക്കിലെടുത്തായിരുന്നു തേക്കിൻകാട് മൈതാനത്തിലെ ഒരുക്കങ്ങള്‍. ഇന്നലെ ഉച്ചയോടെ തെക്കോ ഗോപുര നടയ്‌ക്ക് സമീപം എത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ അനുയായികള്‍ സന്ദേശം നല്‍കി. വിവരം അറിഞ്ഞതോടെ മൈതാനം പൊലീസ് നിരീക്ഷിക്കാൻ തുടങ്ങി.
ചെറുപ്പക്കാർ ഒത്തുകൂടിയപ്പോള്‍ നാല് ജീപ്പുകളിലായി പൊലീസെത്തി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കേക്ക് മുറിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അനുയായികളും ആരാധകരും എത്തിയ ശേഷം സിനിമാ സ്റ്റൈലില്‍ വന്നിറങ്ങാനായിരുന്നു ഗുണ്ടാ നേതാവിന്റെ ഉദ്ദേശം. കൂട്ടത്തിലുള്ളവർ പിടിക്കപ്പെട്ടതോടെ ഇയാള്‍ മുങ്ങി.