‘വിവാദബില്ലുകളില്‍ ഒപ്പിടില്ല, മറ്റുള്ളവയില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണം’; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

കേരള സര്‍വകലാശാല വിസി നിയമന സെര്‍ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.നിലവില്‍ ഗവര്‍ണറുടെ പരിഗണനക്കായി കാത്തിരിക്കുന്നത് 11 ബില്ലുകളാണ്. ലോകായുക്ത, സര്‍വകലാശാല ഭേദഗതികള്‍ ഒഴികെയുള്ള ഒന്‍പത് ബില്ലുകളിലാണ് വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടത്.

ചീഫ്സെക്രട്ടറി വി പി ജോയ് കഴിഞ്ഞ ദിവസമാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് നടത്തിയ സന്ദര്‍ശനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ ചീഫ് സെക്രട്ടറി-ഗവര്‍ണര്‍ കൂടിക്കാഴ്ച്ച അനുനയത്തിനാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *