സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് കൈമാറാമെന്ന് ഇ ഡി

എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി സുപ്രീംകോടതിക്ക് കൈമാറാമെന്ന് ഇഡി. കോടതി ആവശ്യപ്പെട്ടാല്‍ രഹസ്യമൊഴി മുദ്രവെച്ച കവറില്‍ ഹാജരാക്കാമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം ആറിനാണ് 59 പേജുള്ള ഹര്‍ജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹര്‍ജി രജിസ്റ്റര്‍ ചെയ്തു.

ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി പറയുന്നു.

എം ശിവശങ്കര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് നിലവില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണുള്ളത്. ബംഗളൂരുവിലേക്ക് മാറ്റിയാല്‍ കേസിന്റെ മേല്‍നോട്ടം കൂടുതല്‍ കാര്യക്ഷമമാകുമെന്നും ഇ ഡി പറയുന്നു. അതേസമയം കെ ടി ജലീല്‍ രാജ്യദ്രോഹക്കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും അത് ഇന്ന് സത്യാവാങ്മൂലത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വപ്‌ന സുരേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരളത്തില്‍ വിചാരണ നടത്തിയാല്‍ കേസ് തെളിയില്ല. മുഖ്യമന്ത്രി കേസില്‍ പലതരത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. സത്യമെന്തായാലും പുറത്തുവരും, മുഖ്യമന്ത്രി ടെന്‍ഷനിലാണ്. ഒട്ടും നോര്‍മലല്ലാതെയാണ് പെരുമാറുന്നത്. തന്നെ സഹായിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്. ഇ.ഡിയെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *