‘ഗദര്‍ 2’; 24 ദിവസം കൊണ്ട് 500 കോടി ക്ലബ്ബില്‍


റീലിസിന്റെ അന്നുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സിനിമയാണ് സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ (Gadar 2). സണ്ണി ഡിയോളും (Sunny Deol) അമീഷ പട്ടേലും (Amisha Patel) കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.റിലീസ് ചെയ്ത് 24 -ാം ദിവസം (സെപ്റ്റംബര്‍ 3, ഞായര്‍) , ഗദര്‍-2 ഇന്ത്യയില്‍ നിന്ന് 8.50 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ആകെ കളക്ഷൻ 501.87 കോടി രൂപയാണ്.500 കോടി നേടുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ‘ഗദര്‍ 2’ എന്ന് റിപ്പോര്‍ട്ട് പറയുന്നു.


ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഷാരൂഖ് ഖാന്റെ പഠാൻ ആണ് , തൊട്ടുപിന്നില്‍ എസ്‌എസ് രാജമൗലിയുടെ ബാഹുബലി 2 ദി കണ്‍ക്ലൂഷൻ ആണ്. അനില്‍ ശര്‍മ സംവിധാനം ചെയ്ത ഗദര്‍ 2 ഈ സിനിമകളെ പിന്തള്ളി, ഏറ്റവും വേഗത്തില്‍ 500 കോടി ക്ലബ്ബില്‍ എത്തുന്ന ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. പഠാൻ 28 ദിവസം കൊണ്ട് 500 കോടി നേടിയപ്പോള്‍ ബാഹുബലി -2, 34 ദിവസം കൊണ്ടാണ് 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.ഗദര്‍ 2 ഓഗസ്റ്റ് 11 നാണ് തിയേറ്ററുകളിലെത്തിയത്. സണ്ണി ഡിയോള്‍, അമീഷ പട്ടേല്‍ എന്നിവര്‍ യഥാക്രമം താരാ സിംഗ്, സക്കീന എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താരാ സിംഗിന്റെയും സക്കീനയുടെയും സന്തോഷകരമായ ദാമ്ബത്യജീവിതത്തിന്റെ തുടര്‍ക്കഥയാണ് ഇതില്‍ കാണിക്കുന്നത്, ഇവരുടെ മകനായ ചരണ്‍ജിത്ത് സിംഗ് (2001ല്‍ പുറത്തിറങ്ങിയ ഗദറില്‍ മകനായി എത്തിയതും ഇദ്ദേഹമാണ്) ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു.


ചരണ്‍ജിത്ത് സിംഗ് പാകിസ്ഥാനില്‍ എത്തുകയും മകനെ രക്ഷിക്കാൻ താരാ സിംഗ് പാകിസ്ഥാനിലേക്ക് പോകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നിരവധി താരങ്ങള്‍ ‘ഗദര്‍ 2’ നെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു. ഈ ചിത്രം മനസിനെ സ്പര്‍ശിച്ചു എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.അടുത്തിടെ, മുംബൈയില്‍ വെച്ച്‌ താരനിബിഡമായ ഒരു ഇവന്റില്‍ ‘ഗദര്‍ 2’ വിന്റെ വിജയാഘോഷം നടന്നിരുന്നു. ഷാരൂഖ് ഖാൻ, സല്‍മാൻ ഖാൻ, വിക്കി കൗശല്‍, സാറാ അലി ഖാൻ, ധര്‍മേന്ദ്ര, കാര്‍ത്തിക് ആര്യ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി തുടങ്ങിയവരും ഇവന്റില്‍ പങ്കെടുത്തു.

സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചത്. 2001- ല്‍ പുറത്തിറങ്ങിയ ഗദര്‍: ഏക് പ്രേം കഥ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഗദര്‍ 2.



Sharing is Caring