ഫ്രം ഹോപ്പ് ടു ഹീലിങ്ങ്; പത്താം വാർഷികം ആഘോഷിച്ച് കിംസ്‌ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്


തിരുവനന്തപുരം; അവയവ ദാതാക്കളുടെ ബന്ധുക്കളുടെയും സ്വീകര്‍ത്താക്കളുടെയും സംഗമമായി കിംസ്‌ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് പത്താം വാര്‍ഷികം. വാഹനാപകടത്തെത്തുടര്‍ന്ന് ആറുപേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത 16 വയസുകാരന്‍ സാരംഗിന്റെയും രണ്ട് കണ്ണുകളും വൃക്കകളും ദാനം ചെയ്ത ശരത് കൃഷ്ണന്റെയും ബന്ധുക്കളും ഇവരുടെ അവയവങ്ങള്‍ സ്വീകരിച്ചവരടക്കം 160ഓളം അവയവ സ്വീകര്‍ത്താക്കളും ‘ഫ്രം ഹോപ്പ് ടു ഹീലിങ്ങ്’ എന്ന ചടങ്ങിൽ പങ്കെടുത്തു. ഇരുവരുടെയും ബന്ധുക്കളെയും ചടങ്ങില്‍ ആദരിച്ചു. കിംസ്ഹെൽത്തിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയായ 10 വയസ്സുകാരി ആൻ മേരി തന്റെ കരകൗശല വസ്തുക്കളുടെ പ്രദർശനം ഒരുക്കുകയും ഹൃദയത്തിന്റെ രൂപത്തിൽ പേപ്പറുകൾ കോർത്തിണക്കിയ ഉപഹാരം ഡോ. എം.ഐ സഹദുള്ളയ്ക്ക് നൽകുകയും ചെയ്തു.


കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. അവയവദാനം ആരോഗ്യമേഖലയിലെ ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നും ഓരോ ജീവനും രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് സാധ്യമാകുന്നതെന്നും ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ഓരോ വ്യക്തികള്‍ക്കും സമൂഹത്തോടുള്ള കരുതലും കടപ്പാടുമാണ് ഓരോ അവയവദാനത്തിലൂടെയും സാധ്യമാകുന്നതെന്നും കൂടുതല്‍ പേര്‍ അവയവദാനത്തിനായി സ്വയം സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം ശ്രദ്ധയോടും സൂക്ഷ്മതയോടുമാണ് അവയവദാന ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും നടത്തുന്നത്. ഏറ്റവുമധികം വിജയ നിരക്കാണ് കിംസ്‌ഹെല്‍ത്തിലെ അവയവമാറ്റ ശസ്ത്രക്രിയകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2013 ജൂലൈ 23നാണ് കിംസ്‌ഹെല്‍ത്തില്‍ ആദ്യ കടാവര്‍ അവയവമാറ്റം നടത്തിയത്. തുടര്‍ന്ന് 160ഓളം പേരിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. കേരളത്തിലെ ആദ്യത്തെ കരളും വൃക്കയും ഒന്നിച്ച് മാറ്റിവെക്കാനും സ്പ്ലിറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടത്താനും ലിവര്‍ ട്രാന്‍സ്പ്ലാന്റും ഡയാലിസിസും ഒന്നിച്ച് നടത്താനും ഏറ്റവും തൂക്കം കുറഞ്ഞ കുട്ടിയില്‍ അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനും കിംസ്‌ഹെല്‍ത്തിന് സാധിച്ചിട്ടുണ്ട്.

കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ചീഫ് കോഓര്‍ഡിനേറ്ററും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷബീറലി ടി.യു സ്വാഗതവും ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍ ആന്‍ഡ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളീധരന്‍ നന്ദിയും പറഞ്ഞു.

കിംസ്‌ഹെല്‍ത്ത് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. മധു ശശിധരന്‍, ഡോ. അജിത്ത് കെ. നായര്‍, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി കണ്‍സള്‍ട്ടന്റുമാരായ ഡോ. ഷിറാസ് എ.ആര്‍, ഡോ. വര്‍ഗീസ് എല്‍ദോ, ഡോ. ശ്രീജിത്ത് എസ്, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഹാഷിര്‍. എ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.



Sharing is Caring