
ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിലും തട്ടിപ്പ്. പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരന്‍ 20 ലക്ഷം രൂപ വായ്പയെടുത്തെ്ന്നാണ് പരാതി. ഇടുക്കി പടമുഖം സ്വദേശിയായ കെ കെ സിജുവിന്റെ വ്യാജ ഒപ്പിട്ട് കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അജീഷ് വായ്പയെടുത്തെന്നാണ് പരാതി. സിജുവിന്റെ പരാതിയില്‍ സഹകരണ സംഘം ഭാരവാഹികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
2017ലാണ് സിജുവിന്റെ വ്യാജ ഒപ്പിട്ട് അജീഷ് 20 ലക്ഷം രൂപ വായ്പയെടുത്തത്. ഇയാള്‍ക്കൊപ്പം ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസര്‍ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനല്‍ കുമാര്‍, അഖില്‍ വിജയന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നാലു പേരുടെ ജാമ്യത്തിലാണ് പൊലീസ് സൊസൈറ്റിയില്‍ നിന്നും വായ്പ അനുവദിക്കുന്നത്.ഇതില്‍ മൂന്നാമത്തേതായി സിജുവിന്റെ പേര് എഴുതി വ്യാജ ഒപ്പിട്ടെന്നാണ് പരാതി. ഇത് കൃത്യമായി പരിശോധിക്കാതെ എസ് പി ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസര്‍ സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കി.

സഹകരണ സംഘം ഇതിന്റെ അടിസ്ഥാനത്തില്‍ മതിയായ പരിശോധന നടത്താതെ വായ്പ അനുവദിച്ചു.അജീഷ് വായ്പ തിരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരില്‍ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. ഉടന്‍ തന്നെ ഇടുക്കി എസ് പിക്ക് പരാതി നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ഇടുക്കി പൊലീസില്‍ പരാതി നല്‍കിയത്. അക്കൗണ്ട്‌സ് ഓഫീസര്‍ നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചതെന്നും നടപടിയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സംഘം ഭാരവാഹികളുടെ വിശദീകരണം.
