എം എം മണിയുടെ പരസ്യ വിമർശനത്തിന് മറുപടിയുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ

എം എം മണിയുടെ പരസ്യ വിമർശനത്തിന് മറുപടിയുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കുന്നതിന് മുൻപ് പരസ്യ വിമർശനം നടത്തിയത് ശരിയായില്ല. വേറെ പാർട്ടിയിലേക്ക് പോകണോ എന്നതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും മുൻ എംഎൽഎ എസ് രാജേന്ദ്രൻ വ്യക്തമാക്കി.

ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം മുൻ മന്ത്രി എംഎം മണി രംഗത്തെത്തിയിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രൻ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാത്തത് പാർട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടർ പാർട്ടി വിട്ടു പോയാലും പ്രശ്നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാർട്ടിയാണെന്നും ഇപ്പോൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂർ ഏരിയ സമ്മേളനത്തിൽ എംഎം മണി തുറന്നടിച്ചു.

ഒരാഴ്ച മുൻപ് നടന്ന സിപിഐഎം അടിമാലി ഏരിയ സമ്മേളനത്തിൽ എം.എം.മണി രാജേന്ദ്രനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. സ്ഥാനമാനങ്ങളാകരുത് പാര്‍ട്ടിക്കാരുടെ ലക്ഷ്യമെന്നും മൂന്ന് തവണ എംഎൽഎ ആയിട്ടും വീണ്ടും സ്ഥാനത്തിന് ശ്രമിച്ചതാണ് എസ് രാജേന്ദ്രന്റെ വീഴ്ചയെന്ന് എംഎം മണി കുറ്റപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ രാജേന്ദ്രനെതിരെ അന്വേഷണം നടക്കുകയാണെന്നും പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും മണി പറ‌ഞ്ഞിരുന്നു. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ഇത്തവണ സീറ്റ് കിട്ടാത്ത രാജേന്ദ്രൻ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിൽ സിപിഐഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണവും തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *