സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെയും സസ്‌പെൻഷൻ നടപടി മരവിപ്പിച്ച് വനംമന്ത്രി

വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ നോർത്ത് വയനാട് ഡിഎഫ്ഒ ഉൾപ്പെടെയുള്ള മൂന്ന് പേരുടെ സസ്‌പെൻഷൻ മരവിപ്പിച്ചു. സിപിഎം നേതൃത്വം ഇടപെട്ടതോടെയാണ് സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്‌ളെയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവർക്കെതിരെയ നടപടി മരവിപ്പിച്ചത്.

വിശദീകരണം നൽകാൻ അവസരം നൽകാതെ നടപടിയെടുത്തത് തിരഞ്ഞെടുപ്പിനു മുന്നിൽ നിൽക്കുമ്പോൾ വലിയ തിരിച്ചടിയാവുമെന്ന് സിപിഎം നേതൃത്വം ശക്തമായി പറഞ്ഞിരുന്നു. സിപിഎം ജില്ലാനേതൃത്വവും സസ്‌പെൻഷനിലെ നടപടിക്രമങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെ വിശദീകരണം വാങ്ങിയ ശേഷം നടപടി മതിയെന്നും ഉത്തരവ് മരവിപ്പിക്കാനും വനംമന്ത്രി എകെ ശശീന്ദ്രൻ നിർദേശം നൽകിയത്.കഴിഞ്ഞ ദിവസം കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്നു.

നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താത്കാലിക ചുമതല. ഫ്‌ലൈയിംഗ് സ്‌ക്വാഡിന്റെ താത്കാലിക ചുമതല ഇതോടെ താമരശ്ശേരി ആർഒ വിമലിനാണ്.ഉന്നതതല അന്വേഷണത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

ഇതേ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു. വീടുകൾക്ക് ഭീഷണിയുള്ള 20 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ 102 മരങ്ങൾ മുറിച്ചതായാണ് കണ്ടെത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *