ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങൾക്ക് പൂട്ട് വീണു

തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്ാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും പഴകിയ ഇറച്ചിയും മത്സ്യവും അധികൃതര്‍ പിടികൂടി.

പൂട്ടിയ സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയുമായിരുന്നു.കാസര്‍കോട്, വയനാട് ജില്ലകളിലടക്കം ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. കോഴിക്കോട് നിന്നും രണ്ടുവര്‍ഷത്തിനിടെ 25 ലക്ഷം രൂപയാണ് ഭക്ഷ്യ സുരക്ഷ നിയമ ലംഘനത്തിന് പിഴയായി ഈടാക്കിയിട്ടുള്ളത്. 249 ക്രിമിനല്‍ കേസുകളും ,458 സിവില്‍ കേസുകളും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേ സമയം കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എഡിഎം ജില്ലാ കളക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മരണത്തിന് കാരണമായത്. ഐഡിയല്‍ കൂള്‍ബാര്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോട്ടലുകളില്‍ പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണം. ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാതികള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നിടത്ത് പരിശോധന നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *