ബിഹാറില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു


ബിഹാറില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു. ഭൂമിയുടെ മുന്‍ ഉടമയായ ശിശിര്‍ ദുബെയാണ് സ്ത്രീകള്‍ക്ക് നേരെ വെടി വച്ചത്. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ നക്തി പടിവാര ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി.


വെടിയേറ്റ സ്ത്രീകള്‍ അത്യാസന്ന നിലയിലാണ്. തിങ്കളാഴ്ച രാവിലെ ശിശിര്‍ ദുബെ ഭൂമി ഉഴുതു മറിക്കാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധിച്ച് എത്തിയ സ്ത്രീകള്‍ക്ക് നേരെ ശിശിര്‍ ദുബെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഭൂമിയിന്മേല്‍ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് പ്രതി നിലം ഉഴുത് മറിച്ചത്.


1985ല്‍ ഭൂരഹിതരായ തൊഴിലാളികള്‍ക്കുളള സര്‍ക്കാര്‍ ഗ്രാന്റിന്റെ ഭാഗമായി തന്ന ഭൂമിയാണ് ഇതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഈ ഭൂമിയുടെ പേരില്‍ കുടിയിറക്കപ്പെട്ടവര്‍ അവകാശ വാദം ഉന്നയിച്ചതോടെ തര്‍ക്കം കോടതിയിലെത്തി.ഇതിനെ തുടര്‍ന്ന് 2004 മുതല്‍ ഭൂമിയിന്മേലുളള നടപടികള്‍ കോടതി മരവിപ്പിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



Sharing is Caring