സാമ്പത്തിക നില ഭദ്രം; ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേയ്റ്റിങ്ങ് നിലനിര്‍ത്തി ടെക്‌നോപാര്‍ക്ക്

തിരുവനന്തപുരം: സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി നിലനിര്‍ത്തുകയും ക്രയവിക്രയങ്ങള്‍ സുഗമമായി നടത്തുകയും ചെയ്തതിന് ടെക്നോപാര്‍ക്കിന് ക്രിസിലിന്റെ (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) അംഗീകാരം. ക്രിസില്‍ എ പ്ലസ് ഗ്രേഡ് നിലനിര്‍ത്തുന്നതായുള്ള സര്‍ട്ടിഫിക്കേറ്റ് ടെക്‌നോപാര്‍ക്കിന് ലഭിച്ചു. ടെക്നോപാര്‍ക്കിന്റെ ക്രിസില്‍ റേറ്റിംഗ് കഴിഞ്ഞ വര്‍ഷം എ ഗ്രേഡില്‍ നിന്ന് എ പ്ലസ് ആയി ഉയര്‍ന്നിരുന്നു. എ പ്ലസ് ഗ്രേഡ് നിലനിര്‍ത്തുന്നതാണ് നിലവില്‍ ലഭിച്ച അംഗീകാരം.

ഈ അംഗീകാരം വീണ്ടും ലഭിച്ചത് ധനകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നിറവേറ്റുന്നതിലെ കൃത്യതയും ടെക്നോപാര്‍ക്കിന്റെ സാമ്പത്തിക പുരോഗതിയും വളര്‍ച്ചയും ഉയര്‍ത്തിക്കാട്ടുന്നതാണെന്ന് ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ടെക്‌നോപാര്‍ക്കിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് പ്രചോദനമാവുന്നതോടൊപ്പം ഈ അംഗീകാരം ടെക്നോപാര്‍ക്കിന് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക സുതാര്യത, കൃത്യസമയത്ത് നികുതി അടയ്ക്കവും വായ്പാ തിരിച്ചടവും, ലഭ്യമായ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കല്‍, സാമ്പത്തിക നില ഭദ്രമായുള്ള പ്രവര്‍ത്തന രീതി, വരുമാനത്തിലെ പുരോഗതി എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് ടെക്നോപാര്‍ക്ക് ഈ ബഹുമതിക്ക് അര്‍ഹമായിരിക്കുന്നതെന്ന് ടെക്നോപാര്‍ക്ക് ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജയന്തി ലക്ഷ്മി പറഞ്ഞു. വര്‍ഷങ്ങളായി സാമ്പത്തിക വിനിയോഗത്തിലും പ്രവര്‍ത്തനങ്ങളിലും ടെക്‌നോപാര്‍ക്ക് അതിന്റെ കൃത്യത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും അഭിമാനകരമായ ഈ നേട്ടം മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം പകരുമെന്നും സി.എഫ്.ഒ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *