പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു

ആലപ്പുഴ :പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കാർട്ടൂൺ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു.

വിവിധ മുഖ്യധാരാ മാധ്യമങ്ങളിൽ കാർട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റാണ് യേശുദാസ്. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവാണ്. മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് കാർട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജനയുഗം ആഴ്ചപതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് ആദ്യ കാർട്ടൂൺ പംക്തി. മെട്രോ വാർത്ത, ദേശാഭിമാനി എന്നീ പത്രങ്ങളിലും കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. കിട്ടുമ്മാവൻ, മിസിസ് നായർ, പൊന്നമ്മ സൂപ്രണ്ട് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവാണ്. അടിയന്തരാവസ്ഥക്കാലത്ത് ‘അസാധു’ എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണം ആരംഭിച്ചു.

അരനൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമായി നിന്ന യേശുദാസൻ പഞ്ചവടിപ്പാലം സിനിമയുടെ സംഭാഷണവും രചിച്ചിട്ടുണ്ട്. 1992ൽ എ.ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നുതമ്പുരാൻ’ ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുണ്ട്.

വരയിലെ നായനാർ, വരയിലെ ലീഡർ, അണിയറ, പ്രഥമദൃഷ്ടി തുടങ്ങിയ കൃതികളുടെ രചയിതാവാണ് സി.ജെ യേശുദാസൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *