
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ എസ്‌റ്റേറ്റ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് തൊഴില്‍ പുനരധിവാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഐ എ എസിനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് ടോം ജോസ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗ താലൂക്കില്‍ എസ്‌റ്റേറ്റ് വാങ്ങിയിരുന്നു. ഇതിനായി 1.34 കോടി രൂപ തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനകം പലിശ സഹിതം 1.41 കോടി രൂപ അദ്ദേഹം തിരിച്ചടച്ചു. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് അന്വേഷണം. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ടോം ജോസ് മുന്‍പ് നല്‍കിയ വിവരങ്ങളില്‍ ദുരൂഹത നിലനിന്നിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഭൂമി ഇടപാടുകള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തണമെന്നുമുള്ള മാനദണ്ഡവും ടോം ജോസ് ലംഘിച്ചതായി കണ്ടെത്തിയിരുന്നു.
