
അന്തരിച്ച നടന്‍ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ അവസാനമായി സഹപ്രവര്‍ത്തകനെയും സ്‌നേഹിതനെയും കാണാന്‍ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി.
താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ വീട്ടിലെത്തി. നഷ്ടമായത് ഒരു കുടുംബാംഗത്തെയാണെന്ന് ഇടവേള ബാബു പ്രതികരിച്ചു.‘കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ആലോചിക്കുന്നത് മാമുക്കയെ ആണ്. മാമുക്കയും മഹാറാണി ഹോട്ടലുമില്ലെങ്കില്‍ കോഴിക്കോടില്ല.

കുടുംബവും സിനിമയും ഒരേപോലെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരിക്കലെങ്കിലും പോകാത്തവര്‍ ആരുമുണ്ടാകില്ല. അത്രയും ആഥിത്യമര്യാദയുള്ള വ്യക്തിയായിരുന്നു മാമുക്ക.
വേണുചേട്ടന്‍, ലളിതച്ചേച്ചി, ഇന്നസെന്റ് ചേട്ടന്‍ അങ്ങനെ ഒരേസമയത്തുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് യാത്രയായി എന്നതാണ് സങ്കടം.അവരൊക്കെയുള്ള കാലത്തെ സിനിമ തന്നെയാണ് ഇന്ന് നഷ്ടമായത്’ ഇടവേള ബാബു പറഞ്ഞു.
