ടൈം മാഗസിൻ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അംഗീകാരം ഇലോൺ മസ്കിന്

എന്നും വ്യത്യസ്തമായ ആശയങ്ങളാണ് ഇലോൺ മസ്‌കിന്റേത്. അതുകൊണ്ട് തന്നെ വാർത്തകളിൽ അദ്ദേഹം നിറഞ്ഞുനിൽക്കാറുണ്ട്. ഇത്തവണത്തെ പേഴ്‌സൺ ഓഫ് ദി ഇയർ ആയിട്ട് ടൈം മാഗസിൻ തിരഞ്ഞെടുത്തിരിക്കുന്നത് ശതകോടീശ്വരൻ ഇലോൺ മസ്കിനെയാണ്. ടെസ്‌ല, സ്‌പേസ് എക്സ് കമ്പനികളുടെ മേധാവി കൂടിയായ മസ്‌കിന്റെ കമ്പനി ബഹിരാകാശ മേഖലയിൽ നടത്തിയ സംഭവനകൾക്കാണ് ഈ അവാർഡ്.

ട്വിറ്ററിൽ 66 ദശലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ള ആളാണ് ഇലോൺ മസ്‌ക്. തന്റെ ഫോളോവേഴ്‌സുമായി നിരന്തരം സംവാദങ്ങളിലും മസ്‌ക് ഏർപ്പെടാറുണ്ട്. അദ്ദേഹം തന്റെ ട്വീറ്റുകള്‍ മാത്രം ഉപയോഗിച്ച് ക്രിപ്‌റ്റോ നാണയങ്ങളുടെ വില നിയന്ത്രിച്ചത് ഏറെ ചർച്ചയായ വിഷയമാണ്. മസ്കിന്റെ ബഹിരാകാശ പദ്ധതിയ്ക്ക് പുറമെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല വൺ ട്രില്യൺ കടന്നതും ഈ വർഷമാണ്. ഫോര്‍ഡ് മോട്ടോഴ്‌സിന്റെയും ജനറല്‍ മോട്ടോഴ്‌സിന്റെയും മൊത്തം മൂല്യത്തേക്കാള്‍ വളരെ കൂടുതലാണ് ടെസ്‌ലയുടെ ഈ നേട്ടം.

മാത്രവുമല്ല മസ്‌കിന്റെ മറ്റു രണ്ടു കമ്പനികളായ ന്യൂറാലിങ്കും ബോറിങ് കമ്പനിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മനുഷ്യരുടെ തലച്ചോറും കംപ്യൂട്ടര്‍ പ്രോസസറുമായി ബന്ധിപ്പിക്കൽ പദ്ധതിയാണ് ന്യൂറാലിങ്കിന്റേത്. അടിസ്ഥാന വികസനത്തിനായി സ്ഥാപിച്ച കമ്പനിയാണ് ബോറിങ്. കൊവിഡ് പ്രതിസന്ധിയിൽ മറ്റു കമ്പനികൾ നിർമ്മാണം കുറച്ചപ്പോൾ അതൊന്നും കാര്യമായി മസ്കിനെയോ മസ്കിന്റെ കമ്പനികളെയോ ബാധിച്ചില്ല. ചിപ്പ് ദൗർലഭ്യം മിക്ക ഇലക്ട്രിക് വാഹന കമ്പനികളുടെയും പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഈ സമയത്തെല്ലാം പരിഹാരമായി എത്തിയ ആളാണ് ഇലോൺ മസ്‌ക് എന്നും ടൈം മാസ്കിനെ വിശേഷിപ്പിക്കുന്നുണ്ട്.

കാർ വ്യവസായത്തിനു തന്നെ മാതൃകയാവുന്ന പ്രവർത്തനമാണു ടെ‌സ്‌ല ലക്ഷ്യമിടുന്നതെന്ന് പുരസ്‌കാര വാർത്തയോടുള്ള പ്രതികരണത്തിൽ മസ്ക് വ്യക്തമാക്കിയിരുന്നു.എല്ലാവരെയും വൈദ്യുത കാറുകൾ നിർമിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര ഊർജത്തിലേക്കുള്ള പരിവർത്തനം വേഗത്തിലാക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ വർഷത്തെ ഹീറോസ് ഓഫ് ദി ഇയറായി ടൈം മാഗസിൻ തെരെഞ്ഞെടുത്തത് വാക്‌സീന്‍ ശാസ്ത്രജ്ഞരെയാണ്. ഈ വർഷത്തെ കായിക താരമായി അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സിനെയും തെരെഞ്ഞെടുത്ത്. കഴിഞ്ഞ വർഷത്തെ പേഴ്‌സണ് ഓഫ് ദി ഇയര്‍ തെരെഞ്ഞെടുത്തിരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനേയും ആയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *