തുടർച്ചയായി ഇലക്ട്രിക് സ്‌കൂട്ടറുകളുകള്‍ക്ക് തീപിടിക്കുന്ന സംഭവം,നിര്‍മാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇലക്ട്രിക് സ്‌കൂട്ടറുകളുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ 35 ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം.

യോഗത്തില്‍ ഇവി വാഹനങ്ങളുടെ സുരക്ഷയില്‍ കര്‍ശന മുന്നറിയിപ്പാണ് കേന്ദ്രം നല്‍കിയത്. ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗിരിധര്‍ അര്‍മനെയാണ് സര്‍ക്കാരിന് വേണ്ടി യോഗത്തില്‍ സംസാരിച്ചത്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ പ്രസ്തുത നിര്‍മാണ കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികള്‍ എടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം, രാജ്യത്ത് പുതിയ ഇവി വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ യാതൊരുവിധ വിലക്കുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഒരു മാസത്തിനുള്ളില്‍ എട്ട് ഇവി സ്‌കൂട്ടറുകള്‍ കത്തിനശിച്ചതിന് പിന്നാലെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തന്നെ ഇവി നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ദിവസങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല തങ്ങളുടെ 1441 വാഹനങ്ങള്‍ തകരാര്‍ പരിഹരിക്കാന്‍ തിരികെ വിളിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *