‘എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചു’; പരാതിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു


എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. എംഎല്‍എയുടെ ഭാര്യ നല്‍കിയ പരാതിയില്‍ എറണാകുളം കുറുപ്പംപടി പൊലീസാണ് കേസെടുത്തത്. എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ യുവതി മോഷ്ടിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.


അതിനിടെ എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യം തേടി വീണ്ടും കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടിയത്.


സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്‍മാറാനായി കൃത്രിമ രേഖ ചമക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസ് ഇന്നലെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.



Sharing is Caring